എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ അമ്മയായിരുന്നു അമ്മൂമ്മയായിരുന്നു എന്ന് പറഞ്ഞു വരാൻ കുറെ മഹത്തുക്കളും, നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്… മനം കവർന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാർത്ഥനകൾ!

മലയാളത്തിലെ മുതിര്‍ന്ന നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും എന്ന് അടുത്തിടെ മന്ത്രിസഭാ യോഗ തീരുമാനം ഉണ്ടായതിന് പിന്നാലെ സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ ചർച്ചകള്‍ നടന്നിരുന്നു. നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ

അവര്‍ ആവശ്യപ്പെട്ടിട്ടാണ് ചികിത്സാ സഹായം നൽകുന്നതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും അതിൽ അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കെപിഎസി ലളിതയോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ച് സിനിമാ സീരിയൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ അമ്മയായിരുന്നു അമ്മൂമ്മയായിരുന്നു എന്ന് പറഞ്ഞു വരാൻ കുറെ മഹത്തുക്കളും, നല്ല ഫോട്ടോ നോക്കി എടുത്ത് വച്ച് കുറെ ഫേസ്ബുക്ക് തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്! എല്ലാ കലാകാരന്മാരുടെയും ഗതികേടാണത്! മനം കവർന്ന പ്രിയ അഭിനേത്രിയ്ക്ക് പ്രാർത്ഥനകൾ, എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ കെ പി എ സി ലളിതയ്‌ക്ക് കരൾ നൽകാൻ തയ്യാറാണെന്ന്‌ കലാഭവൻ സോബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരൾ ദാതാവിനെ തേടി കെ പി എ സി ലളിതയുടെ മകൾ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കലാഭവൻ സോബി കരൾ പകുത്തുനൽകാൻ സന്നദ്ധനായി മുന്നോട്ട് വന്നത്. ഇക്കാര്യം ഉടനെ കെ പി എ സി ലളിതയുടെ കുടുംബത്തെ അറിയിക്കുമെന്ന് കലാഭവൻ സോബി ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തെ അറിയിച്ചിരുന്നു

കെ പി എ സി ലളിതയ്ക്ക് കരൾ ആവശ്യമുണ്ട് എന്ന വിവരം കഴിഞ്ഞ ദിവസമാണ് താൻ അറിഞ്ഞത്. തുടർന്ന് പലരുമായും കൂടിയാലോടിച്ച ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. ലളിതച്ചേച്ചി വളരെ നല്ല ഒരു ആർട്ടിസ്റ്റാണ്. അവർ ഒരുപാട് നാളായി ഡോണറെ അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. തന്റേത് ബി പോസിറ്റീവ് രക്തഗ്രൂപ്പാണ്. താൻ ഇത് വരെ മദ്യപിക്കുകയോ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. തനിക്ക് 54 വയസ് പ്രായമുണ്ട്. ലളിത ചേച്ചിയുടെ മകൾ പറഞ്ഞിരിക്കുന്നത് ഡോണർ 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള ആളാകണം എന്നാണ്. എന്നാൽ ഇക്കാര്യം താൻ ഡോക്ടർമാരുമായി സംസാരിച്ചിട്ടുണ്ട്. കരൾ പകുത്ത് നൽകുന്നതിന് ഈ പ്രായം ഒരു തടസമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും കലാഭവൻ സോബി പറഞ്ഞു. ഇക്കാര്യം കെ പി എ സി ലളിതയുടെ കുടുംബത്തെ നേരിട്ട് അറിയിക്കാൻ പറ്റിയിട്ടില്ല. ഉടനെ തന്നെ ഇക്കാര്യം അവരെ അറിയിക്കും. ലളിത ചേച്ചി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കരൾ മാറ്റ ശസ്ത്രക്രിയയുടെ നടപടിക്രമങ്ങളെക്കുറിച്ച് ബോധവാനാണ് എന്നും കലാഭവൻ സോബി പറഞ്ഞു. ഡോക്ടർമാരുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ പി എ സി ലളിത ചികിത്സയിൽ കഴിയുന്നത്. തൃശൂരിലെ ആശുപത്രിയിലായിരുന്ന ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് അടുത്തിടെ കൊണ്ടുവന്നത്.

Noora T Noora T :