സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല ഇത് ആരുടേയോ വികൃതിയാണ്; അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക

ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. മേലേപ്പറമ്പില്‍ ആണ്‍ വീട് എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ പറയുന്ന പ്രശസ്തമായ ഡയലോഗ് കോട്ട് ചെയ്തുകൊണ്ടാണ് ബാലചന്ദ്ര മേനോന്‍ എത്തിയത്. സോറി എന്റെ ഗര്‍ഭം ഇങ്ങനല്ല, ഇത് ആരുടേയോ വികൃതിയാണ്, അവര്‍ ദയവായി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇത്തവണത്തെ വോട്ട് പാഴാക്കരുതെന്നും, ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നും ബാലചന്ദ്രമേനോന്‍ പറയുന്നതായി ആയിരുന്നു പോസ്റ്ററുകള്‍. ഇടതിനെയും വലതിനെയും മാറി മാറി പരീക്ഷിച്ചു, അവര്‍ വല്ല പ്രശ്‌നവും പരിഹരിച്ചോ എന്ന് ചോദിക്കുന്ന പോസ്റ്റര്‍, മോദി നയിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതു പ്രശ്‌നവും പരിഹരിക്കാനാകുമെന്നും അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പോസ്റ്ററിലുണ്ടായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വ്യക്തികളുടെ കഴിവിലാണ് എന്നാണ് എന്റെ വിശ്വാസമെന്നാണ് ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നത്. ട്രംപിനെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ എന്നുപറഞ്ഞാല്‍ അത് ട്രംപ് ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. കേരളജനതയ്ക്ക് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും താല്‍പര്യമുണ്ട് എന്നത് എനിക്കൊരു പുതിയ അനുഭവമാണ്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയോ ഞാന്‍ അമേരിക്കയില്‍ ആയിരുന്നു. മകള്‍ കുടുംബത്തോടൊപ്പം അവിടെയാണ്. പ്രധാന മത്സരാര്‍ഥികള്‍ തമ്മിലുള്ള ഡിബേറ്റുകള്‍ അവിടുത്തെ ഒരു പ്രത്യേകതയാണ്.

എല്ലാ ഡിബേറ്റുകളും കാണണമെന്ന് ഞാന്‍ തീരുമാനമെടുത്തു. ട്രംപും ഹിലരി ക്ലിന്റണും പ്രതിയോഗികള്‍. ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനാണ് സാധ്യതയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പക്ഷേ ആദ്യത്തെ ഡിബേറ്റ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ തന്നെ മനസിലായി, ഞാന്‍ പ്രതീക്ഷിച്ച ഒരു രീതിയേ അല്ല ട്രംപിന് ഉള്ളതെന്ന്.

എതിരാളിയെ കൊച്ചാക്കി വര്‍ത്തമാനം പറഞ്ഞിട്ട് സന്തോഷിക്കുന്ന ഒരാള്‍. ഹിലരിയോട് ഒട്ടും ബഹുമാനമില്ലാതെ, നിങ്ങള്‍ക്കെന്തറിയാമെന്നും നിങ്ങള്‍ എന്തബദ്ധമാണ് പറയുന്നതെന്നുമൊക്കെയായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കകാര്‍ എങ്ങനെ സഹിക്കുന്നുവെന്ന് കരുതിപ്പോയെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി നായികാ നായിന്മാരെ പുതുമുഖ താരങ്ങളായി പരിചയപ്പെടുത്തിയ സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. മണിയന്‍പിള്ള രാജു, കാര്‍ത്തിക, ആനി, നന്ദിനി എന്നിവര്‍ മേനോന്‍ ചിത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് എത്തിയവരാണ്.

Noora T Noora T :