പഴയകാല ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോ നോവൽ ,”പ്രണയം തേടി” പത്താം ഭാഗം; അവളുടെ കുഞ്ഞു ശരീരം നോക്കി അവൾ ചോദിച്ചു, ചോദ്യങ്ങൾ കൂടിക്കൂടി വന്നു; കൗമാരപ്രായത്തിന്റെ ആകുലതകളോടെ അവൾ സ്‌കൂളിലേക്ക് !

അങ്ങനെ സനയുടെ പ്രണയം തേടിയുള്ള യാത്രയുടെ പത്താം ഭാഗം ആയിരിക്കുകയാണ്. ഈ കുഞ്ഞു നോവൽ നിങ്ങൾ ഇന്നാണ് വായിക്കുന്നതെങ്കിൽ മെട്രോസ്റ്റാർ എന്ന യൂട്യൂബ് ചെക്ക് ചെയ്യാം, ചാനെൽ പ്ലേ ലിസ്റ്റിൽ പത്തുഭാഗങ്ങളും കേൾക്കാം.അപ്പോൾ നമുക്ക് പ്രണയം തേടി പോകാം…

“അങ്ങനെ സന വീട്ടിലെത്തി. മുൻപൊന്നും അനുഭവിക്കാത്തത്രയും ഭാരം അവൾക്കന്ന് അനുഭവപ്പെട്ടു. ക്ളോക്കിലേക്ക് നോക്കി സമയം ഇഴഞ്ഞു നീങ്ങുന്നത് അവൾ നോക്കിനിന്നു. ഇടയ്ക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞു റസിയമ്മയ്ക്ക് ഒപ്പം ചിരിക്കും. ചിലപ്പോൾ തനിച്ചിരുന്നു ഓരോന്ന് ഓർത്ത് ചിരിക്കും.

കൈ പിറകിൽ കെട്ടി തല കുനിച്ചു എന്തോ വലിയ പെൺകുട്ടികളെ പോലെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഉറങ്ങാൻ കിടക്കുമ്പോൾ പോലും അടുത്തു വിഷ്ണു ഉണ്ടെന്ന തോന്നൽ അവളെ നാണിച്ചു.

അടുത്ത ദിവസം സൂര്യൻ സനയുടെ മുഖം തഴുകിയപ്പോഴാണ് എഴുന്നേറ്റത്. ഉണർന്നെങ്കിലും പത്തു മണിയോളം അവളെ പൊതിഞ്ഞ് ബെഡ് ഷീറ്റ് കിടന്നു. അവളും കിടക്കയെ പിരിയാതെ ചുരുണ്ടുകൂടി. ആ ദിവസം കടന്നുപോകാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
പിറ്റേന്ന് പതിവിലും ഉന്മേഷത്തോടെ സന എഴുന്നേറ്റു. സൂര്യൻ ഉറക്കമെഴുന്നേൽക്കും മുന്നേ അവൾ കട്ടിലിനെ ഉപേക്ഷിച്ചിരുന്നു.

യൂണിഫോം വേണ്ടാത്ത ആ ദിവസം അവളൊരു കടും ചുവപ്പ് ഉടുപ്പും കറുപ്പ് പാവാടയും അണിഞ്ഞു. അവൾക്ക് ആ പാവാട വലിയ ഇഷ്ടമാണ്. പക്ഷെ ആ ഉടുപ്പ് അതിൽ ഒരാളെക്കൂടി കയറ്റാം എന്ന് ആര് കണ്ടാലും പറയും. എന്തൊക്കെ പറഞ്ഞാലും റസിയമ്മ അവളെ അങ്ങനെയേ പുറത്തിറക്കു.

അന്നവൾ കണ്ണാടിയ്ക്ക് മുന്നിൽ വന്നുനിന്നപ്പോൾ സ്വയം ശരീരത്തിലേക്ക് ഒന്ന് നോക്കി. ഉടുപ്പ് പിന്നിൽ പിടിച്ചുവച്ചു.

എല്ലുന്തിയ അവളുടെ ശരീരം കണ്ണാടിയിലൂടെ അവൾ കണ്ടു.

“എന്തിനാണ് ഈ റസിയമ്മ എന്റെ ശരീരം കാണിക്കരുതെന്ന് പറയുന്നത്. ഈ എല്ലുകൾ ഇങ്ങനെ തെളിഞ്ഞു കാണുന്നതുകൊണ്ടാണോ… “

സന വീണ്ടും തല താഴ്ത്തി മാറിടത്തിലേക്ക് നോക്കി.. അവൾക്കതിനെ കുറിച്ചൊന്നും ചിന്തിക്കാനുള്ള പക്വതയായിട്ടില്ല. അവൾ നേരെ കണ്ണാടിയിലേക്ക് ഗൗരവപൂർവം നോക്കി… പെട്ടന്ന് അവൾക്ക് ചിരിവന്നു.

“അയ്യേ ഇവിടെ ഒന്നും നോക്കരുത്…” നാണത്തോടെ അവൾ ആ ഉടുപ്പ് നേരെയിട്ടിട്ട് തലയിലേക്ക് കറുപ്പ് തട്ടം പിടിച്ചിട്ടു.

അപ്പോഴാണ് സമയം എന്ന സത്യത്തെ കുറിച്ച് സന ഓർത്തത്.

“പടച്ചോനെ എത്ര നേരത്തെ എഴുന്നേറ്റ ഞാനാ… ഉമ്മാടെ വായിൽ ഇരിക്കുന്നതത്രയും ഞാൻ ഇന്ന് കേൾക്കണം.”

ബാഗുമെടുത്ത് വേഗം അടുക്കളയിലേക്ക് സന ഓടി. ഒരു മുട്ടപൊരിച്ചു സനയുടെ ചോറുപാത്രത്തിൽ വച്ചുകൊണ്ടുനിൽക്കുന്ന റസിയമ്മയെ അവൾ അടുക്കളപ്പടിയിൽ നിന്നുതന്നെ കണ്ടു.

സന അടുത്തുവന്ന ശബ്ദം കേട്ടയുടൻ റസിയമ്മ , ” നീ എവിടെയെന്ന് നോക്കാൻ വരുവായിരുന്നു ഞാൻ, ഇതാ വെള്ളം എടുത്തുവെക്ക്. ”

ഇന്ന് ഇക്കാക്ക ഇല്ല, അരുവിനുടെ നടന്നു പോകണം. ആര് വഴിയിൽ വച്ച് സംസാരിക്കാൻ വിളിച്ചാലും അടുത്തോട്ട് ചെല്ലരുത്. പറയുന്നതൊക്കെ മനസിലാകുന്നല്ലോ…

എന്നും കേൾക്കുന്നതായതുകൊണ്ട് സനയ്ക്കതൊന്നും വലിയ കാര്യമായിട്ട് തോന്നിയില്ല. ബാഗിലേക്ക് വെള്ളവും ചോറുപാത്രവും എടുത്തുവച്ചു അവൾ നടന്നിറങ്ങി.

ഏതോ ലോകത്തെന്ന പോലെ പുറത്തിറങ്ങിയിട്ടും, തിരിഞ്ഞു നിന്ന് “ഉമ്മ ഞാൻ പോവുവാ….” എന്ന് പറഞ്ഞു…

ഹാ പോയേച്ചും വരാമെന്ന് പറഞ്ഞിറങ്ങ്… എത്ര പറഞ്ഞാലും പടച്ചോനെ വിളിച്ചിറങ്ങില്ല… ബിസ്മി ചൊല്ലി പുറത്തു പോകണം… ഹും സമയം കളയേണ്ട… പോയിട്ട് വാ…”

അവൾ പിന്നെ ഒന്നും കേൾക്കാൻ നിന്നില്ല… നടന്നു….

സമയം പോയി എന്ന ബോധമൊന്നും ഇല്ലാതെ പതിയെ റോഡരിക് ചേർന്ന് സന നടന്നു. സമയം ഇപ്പോൾ എത്രയായി എന്ന് നോക്കാൻ അവളുടെ കൈയിൽ ഒന്നും തന്നെയില്ലായിരുന്നു. വഴിയിൽ കണ്ടയാളോട് സമയം ചോദിക്കക്കണമെന്ന് കരുതിയെങ്കിലും റസിയമ്മയുടെ ഉപദേശം വെറുതെ മനസിലേക്ക് കടന്നുവന്നു. “വഴിയിൽ കാണുന്ന ആരോടും മിണ്ടരുത്…. “

“എന്നാൽ പിന്നെ എനിക്ക് ഒരു വാച്ചു വാങ്ങിതന്നൂടെ… ഇക്കാക്ക എട്ടാം ക്‌ളാസിലായപ്പോൾ രണ്ടാമത്തെ വച്ചാണ് വാങ്ങിക്കൊടുത്ത്. ഞാനും ഇക്കാക്കയ്ക്ക് ഒപ്പമായില്ലേ… എന്നിട്ടെന്താ എനിക്ക് വാങ്ങിത്തരാഞ്ഞത്. വല്യ മാമ ഗൾഫിൽ നിന്ന് വന്നപ്പോഴും എല്ലാ ഇക്കാക്കമാർക്കും വാച്ചു വാങ്ങിക്കൊടുത്തു. എനിക്ക് എന്നിട്ടും മാലയും കമ്മലുമാണ് തന്നത്. “

പിന്നെ വഴിയിൽ കണ്ട പൂവിനോടും ചെടികളോടുമുൾപ്പടെ അവൾ സംസാരിച്ചു.

എണ്ണി എണ്ണി കാൽ എടുത്തുവച്ചപ്പോൾ അവൾ സമയത്തെ കുറിച്ച് വീണ്ടും ചിന്തിച്ചു. ആരായിരിക്കും ആദ്യം സമയം കണ്ടുപിടിച്ചത്. അത് വാച്ചു കണ്ടുപിടിച്ച ആളാകും. വാച്ചു ഉണ്ടാകുന്നതിനു മുന്നേ ക്ളോക്ക് അല്ലെ ഉണ്ടായത്. ശേ അതൊരു സാമൂഹ്യപാഠത്തിൽ ഇല്ലായിരുന്നല്ലോ?

ഓ കണക്ക് ക്‌ളാസിലാണ് സമയം എന്ന പാഠം പഠിച്ചത് അപ്പോൾ ഇതൊക്കെ കണക്ക് സാറാകും പഠിപ്പിക്കേണ്ടത്.

അതും ചിന്തിച്ച് അവൾ സ്‌കൂൾ ഗേറ്റ് കടന്നു. ആരും തന്നെ അവിടെയെങ്ങും ഇല്ല. വിജനമായ സ്‌കൂൾ ഗ്രൗണ്ട്. അള്ളാ പടച്ചോനെ… സമയം ഒരു തോന്നലല്ല… സത്യമാണ്, ബെല്ലടിച്ചു…

അതും പറഞ്ഞ് സന ബാഗ് മുത്തുകോഡ് ചേർത്ത് പിടിച്ചുകൊണ്ട് ഒറ്റ ഓട്ടം. പടികൾ ചവിട്ടിക്കയറി അവളുടെ ഓട്ടം നിന്നത് എട്ട് എ ക്‌ളാസ് മുറിയിലാണ്. അവിടെ ബാഗുകളും ബുക്കുകളും മാത്രം.

” അയ്യോ എല്ലാവരും കമ്പ്യുട്ടർ റൂമിൽ പോയിട്ടുണ്ട്… അവൾ ബാഗ് ബെഞ്ചിൽ വച്ചിട്ട് ഒരു നോട്ട് ബുക്കും പേനയും എടുത്ത് കംപ്യുട്ടർ മുറിയിലേക്ക് നടന്നു. അവളുടെ ആ പോക്ക് കണ്ടാൽ നടക്കുകയാണോ ഓടുകയാണോ എന്നറിയാൻ കഴിയില്ല.

കോൺക്രീറ്റ് ഇട്ട ഒരു പുത്തൻ കെട്ടിടത്തിലാണ് കംപ്യുട്ടർ മുറിയുള്ളത്. ബാക്കി ക്‌ളാസുകളെല്ലാം ഓട് മേഞ്ഞ നിലയിൽ തലതാഴ്ത്തി നിൽക്കുമ്പോൾ ഈ ഒരൊറ്റ കെട്ടിടം മാത്രം പുതുമയോടെ നിൽക്കും. അവൾ ആ മുറിയുടെ വെളിയിലായി നിന്നപ്പോൾ തൊട്ടടുത്ത മുറി കൂടി ഒന്ന് ശ്രദ്ധിച്ചു. അത് ലൈബ്രറി ആണ്. അവിടെ വലിയ ചേട്ടന്മാരും ചേച്ചിമാരും മാത്രമേ കയറു.

അവിടേക്ക് കഴുത്തു നീട്ടി നോക്കി നിന്നപ്പോൾ കംപ്യുട്ടർ ക്‌ളാസിലെ ടീച്ചർ അവളെ കണ്ടു.

” സന… കയറിവാ… എന്താ ഇന്നിത്ര താമസിച്ചത്. പരീക്ഷ കഴിഞ്ഞതോടെ എല്ലാം തീർന്നു എന്ന് കരുതിയോ?”

ഒന്നും മിണ്ടാതെ സന അകത്തുകയറി നിന്നു… ” വിഷ്ണുവിനെ കുറിച്ചപ്പോഴാണ് ഓർത്തത് . എവിടെ വിഷ്ണു എന്നവളുടെ കണ്ണുകൾ തേടി…”

“നിന്നെ ഉൾപ്പെടുത്താതെയാണ് ഗ്രൂപ്പ് തിരിച്ചത്. ഇനിയിപ്പോൾ ആ നാലു പേരുള്ള ഗ്രൂപ്പിലേക്ക് നീ പോയി ഇരിക്ക്. ” ടീച്ചർ പറഞ്ഞു.

സന ടീച്ചരുടെ വാക്കുകൾ അനുസരിച്ച് ഒരു കസേരയും നീക്കി നാലു പേരുള്ള ഗ്രൂപ്പിൽ ചെന്നിരുന്നു.

അവിടെ ഇരിപ്പ് ഉറപ്പിച്ചപ്പോഴാണ് നേരെയുള്ള ഗ്രൂപ്പിൽ വിഷ്ണുവിനെ കണ്ടത്. ചിരിച്ചു കളിച്ചുകൊണ്ട് വർഷയുമായി സംസാരിച്ചിരിക്കുന്നു.

പെട്ടന്ന് സനയ്ക്ക് ദേഷ്യം വന്നു . അല്ലേലും വർഷ ഭയങ്കര ബഹളമാണ്… അവളുടെ കണ്ണുകൾ വിഷ്ണുവിനെ വിട്ട് മാറിയില്ല…

“സന , നിനക്ക് ഇത് ഓൺ ചെയ്യാൻ അറിയുമോ? ചോദ്യം ഒപ്പമിരുന്ന ആശയിൽ നിന്നാണ്.

“ഹാ….. അറിയാം….” അതും പറഞ്ഞ് അവൾ കമ്പ്യുട്ടർ ഓൺ ചെയ്തു. മോണിറ്റർ ഓൺ ആയപ്പോൾ ആശയ്ക്ക് സന്തോഷമായി.

എന്നാൽ സന അതൊന്നും ശ്രദ്ധിക്കാതെ വിഷ്ണുവിനെ വീണ്ടും നോക്കി… വിഷ്ണു അവളെ വെറുതെ പോലും നോക്കാതെ വർഷയ്ക്കൊപ്പം ചിരിച്ചുകളിച്ചിരിക്കുന്നു.

ഈ സമയം ആശ സനയോട് കൂട്ടുകൂടാനായി കുറെ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ അവൾക്കതിലൊന്നും താല്പര്യം തോന്നിയില്ല.

വിഷ്ണു എന്താ ഇങ്ങനെ… അവൾക്ക് സങ്കടം തോന്നി… അങ്ങനെ ദേഷ്യവും വിഷമവും കടിച്ചു പിടിച്ചിരുന്നപ്പോഴാണ് വിഷ്ണു തന്റെ അടുത്തേക്ക് നടന്നു വരുന്നത് അവൾ ശ്രദ്ധിച്ചത്. എന്തെന്നില്ലാത്ത ആശ്വാസത്തോടെ അവൾ വിഷ്ണുവിനെ നോക്കി ചിരിയോടെ ഇരുന്നു….

അപ്പോൾ ഇന്നത്തെ ഭാഗം ഇവിടെ നിർത്തട്ടെ… സനയുടെ സ്‌കൂൾ അനുഭവങ്ങൾ ബോറടിപ്പിക്കുന്നുണ്ടോ? അറിയില്ല… ഇപ്പോഴുള്ള കൗമാരക്കാർക്ക് ഈ കഥ ഉൾക്കൊള്ളാൻ കഴിയുമോ എന്നും എനിക്കറിയില്ല. ഏതായാലും ടീനേജ് ക്രൈസിസ് ചിലരെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകണം . ഇതൊരു നോവലാക്കി കൊണ്ടുപോകുന്നത് കൊണ്ട് കുറച്ചധികം ഡീറ്റയിൽ ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നി… സനയുടെ ജീവിതത്തിലെ ഓരോ നിമിഷവും അവളുടെ മുന്നോട്ടുള്ള വളർച്ചയിൽ അവളെ ബാധിക്കും. സൊ നിങ്ങളും അവളുടെ യാത്രയിൽ എന്നോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

about pranayam thedi

Safana Safu :