പ്രണയിച്ചാൽ പരീക്ഷയ്ക്ക് മാർക്ക് കുറയുമെന്ന പഴയ ഉപദേശങ്ങൾ ഓർക്കുന്നുണ്ടോ?; പഴയ ഓർമ്മകളെ താലോലിക്കുന്ന പ്രണയ നോവൽ, പ്രണയം തേടി ഭാഗം ഒൻപത്!

പ്രണയം തേടി എന്ന നോവൽ തികച്ചും സങ്കല്പികമാണ്, പത്തുവർഷങ്ങളുടെ ഇടവേളയിൽ നമ്മുടെ സമൂഹം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പണ്ടൊന്നും കേട്ടിട്ടില്ലാത്ത കുറെ വാക്കുകൾ ഇന്ന് നമ്മൾ കേൾക്കുന്നുണ്ട്. കാലഘട്ടങ്ങൾ എത്ര മാറിയാലും പ്രണയം എന്ന വാക്കിന് മാത്രം ഒരു പഴക്കവും വന്നിട്ടില്ല. പക്ഷെ സോഷ്യൽ മീഡിയയിലേക്ക് കടക്കുന്നതിന് മുൻപും ശേഷവും പ്രണയത്തിന്റെ സാദ്ധ്യതകൾ മാറിയിട്ടുണ്ട്.

എനിക്കുറപ്പുണ്ട്… ഇത് വായിക്കുന്ന നിങ്ങൾ എല്ലാവരും അത്തരം ഒരു പ്രണയ കാലത്തിലൂടെ കടന്നുവന്നവരാണ്. അതായത് സോഷ്യൽ മീഡിയയ്ക്കും മൊബൈൽ ഫോണിനുമൊക്കെ മുന്നേയുള്ള പ്രണയം ആസ്വദിച്ചിട്ട് ഇന്നത്തെ നാല് ചുവരുകൾക്കുള്ളിലെ പ്രണയം ആസ്വദിക്കുന്നവർ. ആ പരിവർത്തനത്തിലേ കഥയാണ് പ്രണയം തേടി…. സനയുടെ പ്രണയം തേടി.

പ്രണയം തേടിയുടെ ആദ്യഭാഗം തൊട്ട് മെട്രോ സ്റ്റാർ ചാനൽ പ്ലേ ലിസ്റ്റിൽ കൊടുത്തിട്ടുണ്ട്. ഇതിപ്പോൾ ഒൻപതാം ഭാഗമാണ്. പരീക്ഷ എല്ലാം കഴിഞ്ഞ് സന വീട്ടിൽ ചടഞ്ഞുകൂടുന്നത് കണ്ടപ്പോഴാണ് റസിയാമ്മ ഷംന തിരക്കിയെ കാര്യം പറയുന്നതും സനയെ ഷംനയുടെ വീട്ടിലേക്ക് പോകാൻ അനുവദിക്കുന്നതും.

പെട്ടന്ന് കടന്നുവന്ന ഉത്സാഹത്തോടെ സന ഷംനയുടെ വീട്ടിലേക്ക് ഓടി. രണ്ടുവളവുകൾ തിരിഞ്ഞു വേണം സനയ്ക്ക് ഷംനയുടെ വീടെത്താൻ. വഴിയിലെ ഒരു കാഴ്ചയും അവളുടെ കണ്ണുകളിൽ ഉടക്കിയില്ല. ഓടി കിതച്ചു കൊണ്ട് ഷംനയുടെ വീടിന്റെ മുറ്റത്തെത്തി. കിതപ്പ് മാറാതെ അവൾ കാളിംഗ് ബെല്ലടിച്ചു. സനയ്ക്ക് ആ ശബ്ദം വലിയ ഇഷ്ടമാണ്. അങ്ങനെ ആരുടെയും വീട്ടിൽ ഈ സംവിധാനം സന കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു പ്രത്യേക താളത്തിലാണ് സന ബെല്ലടിക്കുന്നത്.

ഷംന പെട്ടന്ന് തന്നെ ഡോർ തുറന്നു,

” ഹെയ് ഇത് നീ തന്നെയാണെന്ന് അപ്പോഴേ ഞാൻ ഉമ്മിയോട്‌ പറഞ്ഞു. നിന്റെ ബെല്ലടി ശബ്ദം എനിക്കറിയാം.”

വാടി നമുക്ക് മുകളിൽ പോകാം…. “

ഓടിക്കിതച്ചെത്തിയ സനയെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ഷംന മുകളിൽ പോയി…

” ഇനി പറ… പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു. എനിക്ക് ആദ്യത്തെ ദിവസം ആയിരുന്നു പേടി… പിന്നെ എല്ലാം സുഖമായിട്ട് എഴുതി. അപ്പോൾ ഞാൻ ഓർത്തു… എനിക്ക് ഇത്രയും എളുപ്പം ആണെങ്കിൽ നിനക്ക് ഫുൾ മാർക്ക് ആയിരിക്കുമല്ലോ? പറയടി…. എങ്ങനെ ഉണ്ടായിരുന്നു.|”|

ഷംന ഇത്രയും സംസാരിച്ചിട്ടും സന ഒന്നും മിണ്ടിയില്ല. അവളുടെ കിതപ്പ് മാറിവന്നപ്പോഴും ഒരു പുഞ്ചിരിയോടെ ഷംനയ്ക്ക് മുന്നിൽ സന നിന്നു..

“നിനക്ക് ഇതെന്താ പറ്റിയത്. ഒരുമാതിരി വട്ടു പിടിച്ചപോലെ ചിരിക്കുന്നു… ഡി പരീക്ഷ എളുപ്പമായിരുന്നില്ലേ…?”

സന പെട്ടന്ന്, ” ഒന്ന് പോടി… ഒരു പരീക്ഷ… അത് കഴിഞ്ഞില്ലേ… ഞാൻ വേറെ ഒരു കാര്യം പറയാനാ ഓടിവന്നത്”

ഷംനയ്ക്ക് ഒന്നും മനസിലായില്ല…. ” അതെന്താ… സ്‌കൂൾ മാറ്റുന്ന കാര്യം വീട്ടിൽ ?”ഷംന ചോദിച്ചു .

“അയ്യയ്യോ… മാറ്റുന്നില്ല… ഞാൻ പറഞ്ഞോട്ടെ…. എടി ആ വിഷ്ണു ഇല്ലേ… അന്നെന്നെ തള്ളിയിട്ട ചെറുക്കൻ. അവൻ വന്നു മിണ്ടി” സന എവിടെ തുടങ്ങണം എങ്ങനെ പറയണം എന്നറിയാതെ വെപ്രാളപ്പെടുന്നുണ്ടായിരുന്നു.

“ഹോ അതാണോ… നീ മിണ്ടില്ലന്ന് പറയണം…. അവനോട് ഒരിക്കലും മിണ്ടരുത്. വെറുതെ ഇരുന്ന നിന്നെ ഇത്രെയും ദ്രോഹിച്ചില്ലേ… മിണ്ടാൻ പറ്റില്ല എന്ന് നീ പറഞ്ഞോ? ” ഷംന ഇത് പറഞ്ഞപ്പോൾ സനയുടെ മുഖം വാടി….

“എടി… ഞാൻ മിണ്ടി… അതുപോലെയാണ് വിഷ്ണു എന്നോട് വന്നു സംസാരിച്ചത്.
ഞാൻ എല്ലാം ആദ്യം മുതൽ പറയാം… നീ വന്നേ…. “

സന ഷംനയുടെ കൈ പിടിച്ചു പടിയിൽ ഇരുന്നു.

പിന്നെ പരീക്ഷ ഹാൾ മുതൽ കണക്ക് പരീക്ഷ കഴിഞ്ഞിറങ്ങും വരെയുള്ള കഥ പറഞ്ഞു.

സന പറഞ്ഞവസാനിച്ചപ്പോഴും ഷംനയുടെ മുഖത്ത് തീരെ സന്തോഷമുണ്ടായിരുന്നില്ല.

” എന്താ നീ ഇങ്ങനെ തുറിച്ചു നോക്കുന്നത്? സന ഷംനയുടെ മുഖഭാവം കണ്ടുകൊണ്ട് ചോദിച്ചു.

“പിന്നെ….. നോക്കാതെ… നിനക്ക് റസിയമ്മയുടെ കൈയിൽ നിന്ന് അടികിട്ടാനാ ഇത്.. നീ എന്താ കരുതുന്നത്. ഇത് പ്രണയം ആണെന്നോ ? ഇതൊക്കെ വലിയ തെറ്റാണ്…. ഞാൻ റസിയമ്മയോട് പറഞ്ഞുകൊടുക്കും. പ്രേമിക്കാൻ പോയാൽ മാർക്ക് കുറയും എന്ന് റസിയമ്മ എന്നെ കേൾക്കയല്ലേ നിന്നോട് അന്ന് പറഞ്ഞത്. നീ എന്നിട്ട് അത് മറന്നുപോയോ? സന ഞാൻ ഇതിനു കൂട്ടുനിൽക്കില്ല… അന്ന് രാഹുൽ നോക്കുന്നു എന്ന് പറഞ്ഞിട്ട് അത് എന്തായി എന്ന് പോലും നീ എന്നോട് പറഞ്ഞില്ലല്ലോ?:”

സനയുടെ എല്ലാ ഉത്സാഹവും പോയി… ” അവൾ വാടിയ പൂവിനെ പോലെ തലതാഴ്ത്തി ചുണ്ടുകൾ വിറപ്പിച്ചിരുന്നു. ഷംനയും ഒന്നും മിണ്ടിയില്ല…

“ഞാൻ നടന്ന സംഭവം പറഞ്ഞന്നല്ലേ ഉള്ളു. ഇത് പ്രേമമാണ് എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ? നല്ല കൂട്ടുകാരായിക്കൂടെ… ഉമ്മ പറഞ്ഞിരുന്നു, എല്ലാവരോടും മിണ്ടണം കൂട്ടുകൂടണം എന്നൊക്കെ… ” സന ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് കൈകെട്ടി നിന്ന് വലിയ ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

“ഹാ എന്ന ഓക്കെ, ഇനി പറ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു….” ഷംനയുടെ ആവർത്തിച്ചുള്ള പരീക്ഷാ ചോദ്യം സനയെ ചൊടിപ്പിച്ചു.

“ഒന്നാമത്തെ ചോദ്യം മുതൽ അവസാനം വരെ എനിക്ക് അറിയാമായിരുന്നു. ഉത്തരം എഴുതിക്കഴിഞ്ഞു സമയം കുറെ ഉണ്ടായതുകൊണ്ട് ഞാൻ വീണ്ടും ചോദ്യം എഴുതിവെച്ചു,,,”എല്ലാ അമർഷവും തീർക്കുന്നതായിരുന്നു സനയുടെ ആ മറുപടി.

“അതെന്തിനാ നീ ചോദ്യം വീണ്ടും എഴുതിയത്. അതിനു മാർക്കൊന്നും തരില്ല… ഒന്നും മനസിലാകാതെ ഷംന തിരിച്ചു ചോദിച്ചു. “

“ഓ ഈ മന്ദബുദ്ധി…. ഞാൻ പോകുവാ…. അതും പറഞ്ഞ് സന വേഗത്തിൽ പടികൾ ചവിട്ടി ഇറങ്ങി..

ഇവൾക്കിതെന്താ….. ഷംന സനയുടെ പിന്നാലെ ഇറങ്ങി….

സന മുറ്റത്തെത്തിയപ്പോൾ ഷംനയുടെ ഉമ്മി വിളിച്ചു അവൾക്കായി കലക്കിയ കളർ വെള്ളം കൊടുത്തു. നല്ല കടും ഓറഞ്ചു നിറമുള്ള വെള്ളം കണ്ടപ്പോൾ തന്നെ അവളുടെ വായിൽ കൊതിയൂറി… അതും വാങ്ങിക്കുടിച്ച് റ്റാറ്റാ പറഞ്ഞ് സന വീട്ടിലേക്ക് നടന്നു…

വെള്ളത്തിന്റെ മധുരം വായിൽ താങ്ങി നിൽക്കവേ അവൾ ഓർത്തു, ” ഈ ഷംനയ്ക്ക് എന്തറിയാം… കലക്ക് വെള്ളത്തിന്റെ മധുരത്തേക്കാൾ മധുരമാണ് വിഷ്ണുവിന്റെ നോട്ടത്തിനും ചിരിക്കും സംസാരത്തിനുമൊക്കെ… അപ്പോൾ പ്രേമത്തിന് എന്തൊരു മധുരമായിരിക്കും… ”

എനിക്ക് വേണം… പ്രണയിക്കണം… മഴ പെയ്യുമ്പോൾ കിട്ടുന്ന കുളിർ കാറ്റുപോലെ പ്രണയം അറിയണം… മറ്റന്നാൾ കംപ്യുട്ടർ പരീക്ഷയ്ക്ക് അവന്റെ ഗ്രൂപ്പിൽ തന്നെ പോയി ഇരിക്കാം. എന്നിട്ട് ഇഷ്ടം ആണെന്ന് പറയാം.

അല്ലെങ്കിൽ ഞാൻ പറയുന്നില്ല…. പെങ്കുട്ട്യോൾ അല്ലല്ലോ ആങ്കുട്ട്യോൾ അല്ലെ പ്രണയം പറയേണ്ടത്. ഹാ മറ്റന്നാൾ സ്‌കൂളിൽ ചെല്ലട്ടെ…. വഴിയിലൂടെ അവൾ തുള്ളിച്ചാടി നടന്നു….

നേരം സന്ധ്യ മയങ്ങിയതിനാൽ…. കിളികളുടെ കലപിലാ ശബ്ദം കേൾക്കാം…. അതിനൊപ്പം തന്നെ താളം ചവിട്ടി സന വീട്ടിലേക്ക് എത്തി….

അപ്പോൾ സനയുടെ കൂട്ടുകാരിയുടെ ഉപദേശമൊക്കെ നിങ്ങൾ കേട്ടല്ലോ? ശരിക്കും ഇതുപോലെ പറഞ്ഞവരോ കേൾക്കേണ്ടി വന്നവരോ ഇതിൽ കാണുമെന്ന് ഞാൻ കരുതുന്നു. അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ ഉള്ളതായി എനിക്ക് അറിയില്ല… ഏതായാലും ഇന്നത്തെ കഥ ഇഷ്ടമായെങ്കിൽ നിങ്ങൾ വീഡിയോ ലൈക്ക് ചെയ്യണം ഷെയർ ചെയ്യണം..

about pranayam thedi

Safana Safu :