ചാർലിയാകാൻ ഞാൻ തീരുമാനിച്ചതിനു പിന്നിൽ ചില കാരണങ്ങളുണ്ട്… ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത എന്നിലൂടെയും കടന്നുപോയി; നടുക്കുന്ന വെളിപ്പെടുത്തലുമായി ടൊവിനോ

സിനിമ പ്രഖ്യാപിച്ചത് മുതൽ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് വരെ പുക പോലെ മാഞ്ഞ യഥാർത്ഥ സുകുമാര കുറുപ്പിന്റെ ജീവിത നമ്മൾ ഓരോരുത്തരം വ്യത്യസ്ത തലങ്ങളിലായി ചർച്ച ചെയ്യുകയാണ്. ‘കുറുപ്പ്’ എന്ന ദുൽഖർ സൽമാൻ ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും ഇപ്പോൾ ചർച്ചകളിൽ സജീവമാക്കിയത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം നിർമ്മിച്ചത്.

കരിയറിൽ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിൽ ഒന്നാണ് ‘കുറുപ്പി’ലെ ചാർളിയെന്ന് നടൻ ടൊവീനോ തോമസ്. സുകുമാരക്കുറുപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുൾക്കൊണ്ട് രൂപപ്പെട്ട കഥാപാത്രമാണ് ‘കുറുപ്പിലെ ചാർളി. ചാർളി എന്ന കഥാപാത്രം ഒരുനിമിത്തം പോലെ തന്നിലേക്ക് വന്നതാണെന്നും ശ്രീനാഥ് രാജേന്ദ്രൻ കഥ പറയുന്ന വേളയിൽ ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത തന്നിലൂടെയും കടന്നുപോയെന്ന് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ടൊവീനോ തോമസിന്റെ വാക്കുകൾ:

‘കുറുപ്പി’ലെ ചാർലിയാകാൻ ഞാൻ തീരുമാനിച്ചതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. ശ്രീനാഥ് രാജേന്ദ്രൻ എന്നോട് തിരക്കഥ പറഞ്ഞുകഴിഞ്ഞപ്പോൾ മുതൽ ‘കുറുപ്പ്’ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. വളരെ കുറച്ച് സ്‌ക്രീൻ സമയമേ ഉണ്ടായിരുന്നുള്ളെങ്കിലും ഇതുപോലൊരു വലിയ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നുള്ളത് വൈകാരികമായ ഒരനുഭവം കൂടിയായിരുന്നു.

ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത എന്നിലൂടെയും കടന്നുപോയി. ചാക്കോ ആ രാത്രിയിൽ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ ചിന്തിച്ചത്. വളരെ വിചിത്രമായി തോന്നിയ കാര്യം, ഞാൻ ജനിക്കുന്നതിന് കൃത്യം 5 വർഷം മുമ്പ് 1984 ജനുവരി 21നാണ് ചാക്കോ കൊല്ലപ്പെട്ടത് എന്നുള്ളതാണ്. ചാക്കോയുടെ കഥ എത്ര ഭീകരമാണെങ്കിലും അത് പറയാൻ വിധിക്കപ്പെട്ടത് എന്നിലൂടെയാണ് എന്ന് എനിക്ക് തോന്നി. ശ്രീ ഏട്ടൻ (ശ്രീനാഥ് രാജേന്ദ്രൻ) മുതൽ ദുൽഖർ സൽമാൻ വരെയുള്ള ഏറ്റവും പ്രഗത്ഭരായ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യുന്നതും കുറുപ്പിന്റെ ഭാഗമാകാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതും ഒരു പരമമായ ബഹുമതി തന്നെയാണ്.

ചാക്കോയ്ക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തിനും എന്റെ സ്നേഹം അറിയിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിൽ ഒന്നായി ചാർലി എന്നും കൂടെ ഉണ്ടാകും. നിങ്ങളിൽ ഒരാളായി എന്നെയും ഒപ്പം കൂട്ടിയതിന് വേഫെറർ ഫിലിംസിന് നന്ദി !

Noora T Noora T :