സീരിയൽ താരം തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി

സീരിയൽ താരം തൻവി എസ് രവീന്ദ്രനും ഗണേഷും വിവാഹിതരായി. ദുബായ്‍യിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്നയാളാണ് മുംബൈ സ്വദേശിയായ വരൻ ഗണേഷ്. ദുബായിൽ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകൾ ഏതാനും നാളുകള്‍ക്ക് മുമ്പ് നടന്നിരുന്നത്.

വിവാഹചടങ്ങിനിടയിൽ നിന്നുള്ള കന്യാദാനം ചടങ്ങിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തൻവി പങ്കുവെച്ചിട്ടുണ്ട്. ഏറെ ആവേശത്തിലാണ് ഞാൻ, ഇന്നാണ് ആ വലിയ ദിവസം, എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇന്ന് രാവിലെ സോഷ്യൽമീഡിയയിൽ തൻവി വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്. അതിന് പിന്നാലെ കന്യാദാന ചടങ്ങിൽ നിന്നുള്ള വീഡിയോയും പങ്കുവയ്ക്കുകയുണ്ടായി.

മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് തൻവി. തൻവി അഭിനയിച്ച പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തൻവി തിളങ്ങിയിട്ടുള്ളത്.

പരസ്പരത്തിൽ ദീപ്തി എന്ന നായികാ കഥാപാത്രത്തെ വെല്ലുവിളിച്ച് നിറഞ്ഞ് നിന്ന വില്ലത്തി കഥാപാത്രമായിട്ടായിരുന്നു തൻവിയുടെ ജെന്നിഫർ എത്തിയിരുന്നത്. കൂടാതെ ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളുടേയും ഭാഗമായി തൻവി പേരെടുത്തിട്ടുണ്ട്.

എയർ ഹോസ്റ്റസ് ആയിരുന്ന തൻവി മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയത്തിലേക്കെത്തിയത്. മൂന്നുമണി എന്ന ടെലിവിഷൻ പരമ്പരയിലായിരുന്നു തൻവി ആദ്യമായി അഭിനയിച്ചിരുന്നത്. ഫ്‌ളവേഴ്‌സ് ടി.വിയിലെ സ്റ്റാർ മാജിക്(ടമാർ പടാർ) എന്ന ആദ്യ സീസണിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധിപേർ സോഷ്യൽമീഡിയയിൽ തൻവിക്കും ഗണേഷിനും വിവാഹമംഗളങ്ങളുമായി എത്തിയിട്ടുണ്ട്.

Noora T Noora T :