പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു!.. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്… മരണവാർത്ത കേട്ട് ഹൃദയം തകർന്നു; വേദനയോടെ രജനീകാന്ത്

നടൻ പുനീത് രാജ്കുമാറിന്റെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും സിനിമാ മേഖലയ്ക്ക് ഇതുവരെ കരകയറാൻ സാധിച്ചിട്ടില്ല. ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ 29നായിരുന്നു
നടന്റെ അന്ത്യം.

ഇപ്പോഴിതാ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് രജനീകാന്ത് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പുനീത് മരിക്കുമ്പോൾ രജനീകാന്തിനെ കാവേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനാൽ തന്നെ പുനീതിന്റെ മരണം ദിവസങ്ങൾ കഴിഞ്ഞാണ് രജനികാന്തിനെ ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചത്.

“ശസ്ത്രക്രിയയ്ക്ക് ശേഷം ഞാൻ സുഖം പ്രാപിക്കുന്നു. പുനീത് രാജ്കുമാർ അന്ത്യശ്വാസം വലിക്കുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് എന്നെ വിവരമറിയിച്ചത്. പുനീതിന്റെ മരണവാർത്ത കേട്ട് ഹൃദയം തകർന്നു പോയി. എന്റെ മുന്നിൽ വളർന്ന കുട്ടിയാണ്. വളരെ കഴിവുള്ളവനും സ്‌നേഹസമ്പന്നനുമായിരുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവൻ നമ്മെ വിട്ടുപിരിഞ്ഞു, അതും തന്റെ വിജയകരമായ അഭിനയ ജീവിതത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ. പുനീതിന്റെ വിയോഗം കന്നഡ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ആ കുടുംബത്തെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. പുനീത് സമാധാനത്തോടെ വിശ്രമിക്കട്ടെ,”എന്നാണ് രജനീകാന്ത് കുറിച്ചത്.

സ്വന്തം ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച പുനീതിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ വിക്രം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനിമയ്ക്കപ്പുറം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പുനീത് പങ്കാളിയാണ്. അനാഥാലയങ്ങള്‍, സ്‌കൂളുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ട്. ആയിരക്കണക്കിന് പാവപ്പെട്ട കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും പുനീത് വഹിക്കുന്നുണ്ട്.

Noora T Noora T :