പോലീസിനേക്കാള്‍ ഉത്തരവാദിത്തമൊന്നും ജോജു എന്ന നടന് ആരും നല്‍കിയിട്ടില്ല… തെരുവ്, രാഷ്ട്രീയക്കാരന്റെ മീഡിയം ഓഫ് എക്‌സ്പ്രഷന്‍ ആണ് കലാകാരന്റെത്, സിനിമാക്കാരന്റേത് അവന്റെ സൃഷ്ടിയിലൂടെയാണ് പ്രതികരിക്കേണ്ടത്; ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ

ജോജു ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. ‘ജോജു ജോര്‍ജ്ജിന്റെ വിഷയം ഈ വിധം വളര്‍ത്താതെ ഒരു തീര്‍പ്പിലെത്തുകയായിരുന്നു നല്ലത്. അതിനടുത്തു വരെ വന്നിട്ട് എങ്ങനെയത് മാറിപ്പോയെന്നറിയില്ല’, എന്നാണ് ഡിറ്റോ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍.

ജോജു ജോര്‍ജ്ജിന്റെ വിഷയം ഈ വിധം വളര്‍ത്താതെ ഒരു തീര്‍പ്പിലെത്തുകയായിരുന്നു നല്ലത്. അതിനടുത്തു വരെ വന്നിട്ട് എങ്ങനെയത് മാറിപ്പോയെന്നറിയില്ല. മലയാള സിനിമാ രംഗവും കോണ്‍ഗ്രസ് എന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള വിഷയമാക്കി വളര്‍ത്തിയത് സിനിമാ രംഗത്തിന് ആശാസ്യമല്ല. ജോജുവിന്റെ ഏകാംഗ പ്രതികരണം ഒരു കലാകാരനു ചേരാത്ത , പക്വതയില്ലാത്ത അലന്‍സിയര്‍ മോഡല്‍ ‘ഒറ്റനിക്കര്‍ ഷോ ‘ആയിപ്പോയി എന്നത് തന്നെയാണ് എന്റെ അഭിപ്രായം.

റോഡുകള്‍ പ്രതിഷേധത്തിനും ഷൂട്ടിങ്ങിനും ഘോഷയാത്രകള്‍ക്കും വിലാപയാത്രകള്‍ക്കും ഉപയോഗിക്കപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണ്. പ്രതിഷേധസമരം എന്നാല്‍ അത് ജനാധിപത്യപരമായ നിയമലംഘനം തന്നെ

അത് അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ ഈ ജനാധിപത്യ അവകാശം മാനിച്ച് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരുന്നു. ജോജു വന്ന് സമരത്തിനെതിരെ ബഹളം വച്ചപ്പോള്‍ രംഗം കലുഷമാവുകയാണ് ചെയ്തത് .

അത്ര കൊടിയ നിയമ ലംഘനമാണവിടെ നടന്നതെങ്കില്‍ പോലീസ് ഇടപെടില്ലായിരുന്നില്ലേ ജോജൂ ?

പോലീസിനേക്കാള്‍ ഉത്തരവാദിത്തമൊന്നും ജോജു എന്ന നടന് ആരും നല്‍കിയിട്ടില്ല. മാത്രമല്ല തെരുവ്, രാഷ്ട്രീയക്കാരന്റെ മീഡിയം ഓഫ് എക്‌സ്പ്രഷന്‍ ആണ്. കലാകാരന്റെത്, സിനിമാക്കാരന്റേത് അവന്റെ സൃഷ്ടിയിലൂടെയാണ് പ്രതികരിക്കേണ്ടത്.

പൊതു ജനത്തിനു വേണ്ടിയെന്ന പേരില്‍ ബഹളം വച്ചതെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ്സും പൊതുജനത്തിനു വേണ്ടിത്തന്നല്ലേ പ്രതിഷേധിച്ചത്.? അവര്‍ പെട്രോള്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധിച്ചു. ജോജു അവര്‍ക്കെതിരെ താനുള്‍പ്പെടെ ചെറിയ ഒരു ഗ്രൂപ്പിനു വേണ്ടി പ്രതിഷേധിച്ചു. എങ്ങനെ നോക്കിയാലും ജോജുവിന്റെ പ്രതിഷേധം സിങ്കാകാതെ നില്‍ക്കുന്നു. ജോജുവിന്റെ സമരത്തിലൂടെ അതൊരു ലോ ആന്‍ഡ് ഓര്‍ഡര്‍ ഇഷ്യൂ ആവുകയാണ് ചെയ്തത്. കാര്‍ തകര്‍ക്കല്‍ ഹീനമായ കൃത്യമാണ്. അത് കോണ്‍ഗ്രസ് ചെയ്യാന്‍ പാടില്ലായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യുന്ന ഘട്ടം വരെ ഇത് നീട്ടരുതായിരുന്നു. ഭരണമില്ലെങ്കിലും ശക്തമായ ജനപിന്തുണയുള്ള , ഉത്തരവാദിത്തമുള്ള പ്രസ്ഥാനം തന്നെയാണ് കോണ്‍ഗ്രസ് . അതിനാല്‍ സിനിമാ രംഗവും കോണ്‍ഗ്രസ് പ്രസ്ഥാനവും തമ്മിലുള്ള ദീര്‍ഘകാല വൈരത്തിലേക്ക് ഇത് വളര്‍ത്താതിരിക്കണം. അല്ലെങ്കില്‍ നഷ്ടം നമുക്ക് സിനിമാ മേഖലയ്ക്കു തന്നെയായിരിക്കും. ഫെഫ്ക ജെനെറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ സാറിന്റെ ഇടപെടല്‍ സമവായത്തിനാകട്ടെ. രാഷ്ട്രീയപ്പാര്‍ട്ടിയണികളും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുവാന്‍ ഇടവരുത്തരുത്.

Noora T Noora T :