ജോജു തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തത് സിനിമാ മേഖലയില്‍ ലഹരിയുപയോഗം കൂടുതൽ…കഞ്ചാവുംമറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നു; ആലപ്പി അഷ്‌റഫ്

ഇന്ധനവില വര്‍ധനവിനെതിരെ വഴിതടയല്‍ സമരം സംഘടിപ്പിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റ വാഹനം തകര്‍ത്തത് സോഷ്യൽ മീഡിയയിലടക്കം വലിയ വാര്‍ത്തയായിരുന്നു. കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമണിയടക്കം ഒന്‍പത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇപ്പോള്‍ ഇതാ ജോജുവിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

ജോജു ജോര്‍ജ്ജ് തെറ്റ് ചെയ്‌തെന്ന് ബോധ്യമുള്ളത് കൊണ്ടാണ് താര സംഘടന അമ്മ അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കാത്തതെന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോജു മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞു പക്ഷേ മദ്യപിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഒന്നോര്‍ക്കണം. സിനിമാ മേഖലയില്‍ ലഹരിയുപയോഗം വളരെ കൂടുതലാണ്. കഞ്ചാവും അതുപോലെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുമാണ് ഉപയോഗിക്കുന്നതെന്ന് ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

അതേസമയം ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിക്കൊണ്ടുമുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും ഉപയോഗിച്ച് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകള്‍ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസപ്പെടുത്തിയിരുന്നു.

Noora T Noora T :