അഭിനയത്തിന് അപ്പുറത്തേക്ക് കടന്നു ചെന്നു.. ഗായികരായും ഗായകരായും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി! ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ട് കൊണ്ട് പോയ ആ സൂപ്പർ സ്റ്റാറുകൾ ഇവിടെയുണ്ട്

അഭിനയം മാത്രമല്ല… തങ്ങൾക്ക് പാട്ട് പാടാനും കഴിയുമെന്ന് തെളിയിച്ച നിരവധി മലയാള ചലച്ചിത്ര താരങ്ങളുണ്ട്. അഭിനയത്തേക്കാൾ ഉപരി ഗായികരായും ഗായകരായും മിന്നി തിളങ്ങി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരും അക്കൂട്ടത്തിലുമുണ്ട്. അങ്ങനെ ഒരേ സമയം അഭിനയവും പാട്ടും മുന്നോട്ട് കൊണ്ട് പോയ താരങ്ങൾ നിരവധിയാണ്. രണ്ടിലും മികച്ചുനിൽക്കുന്ന മലയാള സിനിമയിലെ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം

മഞ്ജു വാര്യർ

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യകാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായികയാണ് മഞ്ജു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിന് ഗംഭീര പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. രണ്ടാംവരവില്‍ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു മഞ്ജുവിന് ലഭിച്ചത്. മലയാളികള്‍ ആഗ്രഹിച്ചൊരു തിരിച്ചുവരവായിരുന്നു മഞ്ജുവിന്റേതെന്ന് നിസംശയം പറയാൻ സാധിക്കും

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തില്‍ ചെമ്പഴുക്കാ എന്ന ഗാനം ആലപിച്ചാണ് മഞ്ജു പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ജാക്ക് ആൻഡ് ജിൽ’ എന്ന സിനിമയിൽ ‘കിം കിം കിം…’ എന്ന് തുടങ്ങുന്ന ഗാനവും മഞ്ജു ആലപിച്ചിരുന്നു. നടൻ പൃഥ്വിരാജാണ് മഞ്ജു വീണ്ടും ഗായികയാവുന്ന വിവരം ഒരു വീഡിയോയിലൂടെ പുറത്തു വിട്ടത്.

മീര നന്ദന്‍

അവതാരക, നടി തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നടിയാണ് മീര നന്ദന്‍. ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് മറ്റ് ഭാഷകളിലും മീര അഭിനയിച്ചു. വികെ പ്രകാശ് ചിത്രം സെെലന്‍സിലെ മഴയുടെ ഓര്‍മ്മകളില്‍ എന്ന പാട്ടിലൂടെ ഗായിക എന്ന നിലയിലും മീര നന്ദന്‍ ശ്രദ്ധ നേടി.

രമ്യ നമ്പീശൻ

ജയറാം ചിത്രം ആനചന്തത്തിലൂടെയായിരുന്നു രമ്യ നമ്പീശന്റെ നായികയായുള്ള അരങ്ങേറ്റം. അതിന് മുമ്പ് ബാലതാരമായി അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും അംഗീകരിക്കപ്പെട്ട നടിയാണ് രമ്യ. ഇവന്‍ മേഘരൂപനിലെ ആണ്ടലോണ്ടെ എന്ന പാട്ടിലൂടെയാണ് മലയാള സിനിമയില്‍ ഗായികയായി രമ്യ അരങ്ങേറുന്നത്. തുടർന്ന് നിരവധി ഹിറ്റ് പാട്ടുകള്‍ പാടി. ബാച്ചിലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത്,ഓം ശാന്തി ഓശാന തുടങ്ങി 13 സിനിമകളില്‍ രമ്യ പാടിയിട്ടുണ്ട് .

കാവ്യാ മാധവൻ

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് കാവ്യാ മാധവൻ. ബാലതാരമായി തുടങ്ങി നായികയായി വളര്‍ന്ന കാവ്യ പാട്ടുകൊണ്ടും പേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. മാറ്റിനിയിലൂടെയായിരുന്നു ഗായികയായി കാവ്യയുടെ അരങ്ങേറ്റം. പാട്ടുകള്‍ എഴുതിയും കാവ്യ കെെയ്യടി നേടിയിരുന്നു. പിന്നീട് സ്വന്തമായി സംഗീത ആല്‍ബവും കാവ്യ തയ്യാറാക്കിയിട്ടുണ്ട്.

ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഭാമ ‘ബെക്ക്’ എന്ന ചിത്രത്തിലെ കണ്ണില്‍ കണ്ണില്‍ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് ഭക്തി ആല്‍ബങ്ങളിൽ പാടി. 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലും ഭാമ പാടിയിട്ടുണ്ട്.

നസ്രിയ

ബാലതാരമായി സിനിമയിലെത്തിയ നസ്രിയ നടിയെന്ന നിലയിലും ഗായിക എന്ന നിലയിലും വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ്. സലാല മൊബെെല്‍സിലൂടെയാണ് ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്നത്. പിന്നീട് ബാംഗ്ലൂര്‍ ഡെയ്സ്, വരത്തന്‍ എന്നീ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

മംമ്ത മോഹൻദാസ്

കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുള്ള താരമാണ് മംമ്ത മോഹന്‍ദാസ്. മലയാളം ചിത്രം മയൂഖത്തിലൂടെയായിരുന്നു അഭിനയ ലോകത്തുള്ള മംമ്തയുടെ അരങ്ങേറ്റം. തെലുങ്കു ചലച്ചിത്ര രംഗത്ത് അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പായിത്തന്നെ ഒരു പിന്നണി ഗായികയായി റാഖി എന്ന തെലുങ്കു ചിത്രത്തിലെ ടൈറ്റിൽ ഗാനം ആലപിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ അൻവർ എന്ന മലയാള ചിത്രത്തിലൂടെ ആദ്യമായി മാതൃഭാഷയിലും പാടുവാൻ മംതയ്ക്ക് അവസരം ലഭിച്ചു. കന്നടയിലും തമിഴിലും മലാളത്തിലും ആയി കുറേ പാട്ടുകള്‍ പാടിയിട്ടുണ്ട്.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. രജീഷ വിജയന്‍ ചിത്രം ഫെെനല്‍സിലെ നീ മഴവില്ലു പോലെ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഒരു മലയാളചലച്ചിത്ര അഭിനേത്രിയും പിന്നണി ഗായികയുമാണ് നിത്യ മേനോൻ. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പോപ്പിന്‍സ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ സിനിമകളില്‍ പാട്ടു പാടിയിട്ടുള്ള നിത്യ തെലുങ്കിലും പാടിയിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ പാട്ടിൽ തിളങ്ങിയ മലയാള നടൻമാർ ആരൊക്കെയാണെന്ന് നോക്കാം

മോഹൻലാൽ

അഭിനയത്തിന്റെ കാര്യത്തിലെന്ന് പോലെ പാട്ടിന്റെ കാര്യത്തിലും നമ്പർ ഒൺ ആണ് മോഹൻലാൽ.
പ്രിയദർശൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1985 ലെ ‘ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍’ തുടങ്ങി റണ്‍ ബേബി റണ്‍ വരെ 33 സിനിമകളില്‍ മോഹന്‍ലാല്‍ പിന്നണി പാടിയിട്ടുണ്ട്.

മമ്മൂട്ടി

മമ്മൂട്ടി, ശ്രീനിവാസൻ, ശോഭന, ആനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറിൽ വി.പി. മാധവൻ നിർമ്മിച്ച് കമൽ സംവിധാനം ചെയ്‌ത മലയാളചലച്ചിത്രമാണ്‌ മഴയെത്തും മുൻപെ. 1995-ൽ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ഈ ചിത്രത്തിലാണ് മമ്മൂട്ടിആദ്യമായി പിന്നണിപാടിയത്. എട്ട് സിനിമകളിൽ പാടിയ മമ്മൂട്ടി ഏറ്റവും ഒടുവില്‍ പാടിയത് ജവാന്‍ ഓഫ് വെള്ളിമലയിലാണ്.

കലാഭവന്‍ മണി

സ്വതസിദ്ധമായ അഭിനയത്തിലൂടെയും നാടന്‍ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടനായിരുന്നു കലാഭവന്‍ മണി. സിനിമയില്‍ എത്തും മുമ്പ് തന്നെ നല്ല നാടന്‍ പാട്ടുകാരനായിരുന്നു അദ്ദേഹം. അഭിനയത്തിനോടൊപ്പം പിന്നണി പാടിയ മണി 24 പാട്ടുകളാണ് സിനിമയില്‍ പാടിയിട്ടുള്ളത്.

ഇന്ദ്രജിത്ത്

മുല്ല വള്ളിയും തേന്‍മാവും, ചേകവര്‍. ഹാപ്പി ഹസ്ബന്‍ഡ്‌സ്, നായകന്‍, അരികില്‍ ഒരാള്‍ എന്നീ സിനിമകളില്‍ പിന്നണി പാടി നടൻ ഇന്ദ്രജിത്തും അഭിനയിത്തിലൊന്നപോലെ പാട്ടിലും മികവ് തെളിയിച്ചു. ഇന്ദ്രജിത്ത് മാത്രമല്ല സഹോദരൻ പൃഥ്വിരാജും പുതിയ മുഖം മുതല്‍ ഹീറോ വരെ ആറ് സിനിമകളിലാണ് പിന്നണി ഗായകനായാത്.

ജയറാം

കഥാനായകന്‍ , എന്റെ വീട് അപ്പൂന്റേം, മയിലാട്ടം, സലാം കാശ്മീര്‍ നാല് സിനിമകളിലാണ് ജയറാം പിന്നണിഗായകനായത്.

വിനീത് ശ്രീനിവാസൻ

സംവിധായകന്‍, ഗായകന്‍, നായകന്‍ എന്നീ നിലകളിൽ സിനിമാലോകത്ത് കഴിവ് തെളിയിച്ച നടനാണ് വിനീത് ശ്രീനിവാസൻ. ഗായകനായാണ് വിനീത് സിനിമയില്‍ എത്തുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ തുടങ്ങി, പൊട്ടാസ് ബോംബ് വരെ 78 പാട്ടുകളാണ് വിനീത് പാടിയത്.

Noora T Noora T :