പരദൂഷണം പറയാനുള്ളൊരു ഇടമായി ഫേസ്ബുക്ക് മാറിക്കഴിഞ്ഞു; ഭാഗ്യലക്ഷ്മി

സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാല്‍ മുന്‍പില്‍ നിന്ന് ചിരിച്ചിട്ട് പിന്നില്‍ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേള്‍ക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവര്‍ക്ക് ആരാധകര്‍ ഏറി വരുന്നതും. അതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന്‌ ശേഷം കുറേക്കൂടി വ്യക്തമായി..

ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റില്‍ താമസിക്കുന്നവരാണവര്‍, എന്നെ വിളിച്ച്‌ പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കള്‍ ഉണ്ട്, അവര്‍ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോര്‍ട്ട് അറിയിക്കണം, ഞങ്ങള്‍ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോണ്‍ വെച്ച അവര്‍ നേരെ പോയി ഫേസ്ബുക്കില്‍ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വര്‍ഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ്

ഇതെന്ത് തരം സമീപനമാണ്, ഞാന്‍ പരാതിപ്പെട്ട 2 വ്യക്തികള്‍ എന്റെ സുഹൃത്തുക്കള്‍ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവര്‍. പക്ഷെ ഇവര്‍ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നവര്‍ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?

ഞാന്‍ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ്‌ ഇട്ടവരെ അവര്‍ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്. എന്നെ ആക്രമിക്കുന്നവര്‍ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വര്‍ഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്ബോഴാണ് അത്ഭുതം തോന്നുന്നത്. എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ഞാന്‍. ആ എന്നെ ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..

നാളെ ഓരോരുത്തര്‍ക്കും ഇതരത്തിലൊരു സൈബര്‍ ആക്രമണം വരുമ്ബോള്‍ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാന്‍ വേണ്ടിയാണ് ഞാന്‍ പോരാടിയത്.. അത് മനസിലാക്കാന്‍ സ്ത്രീകള്‍ക്ക് പോലും സാധിക്കുന്നില്ലെങ്കില്‍…. ഇത് പറയാന്‍ വേണ്ടി മാത്രം വന്നതാണ്. ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാന്‍ ശ്രമിക്കും.

ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്‌.. ഒരുപാടു പേരുടെ കണ്ണുനീര്‍ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.

സൗഹൃദം എന്നാല്‍ മുന്‍പില്‍ നിന്ന് ചിരിച്ചിട്ട് പിന്നില്‍ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വര്‍ഷത്തെ കള്ളത്തരം ഓര്‍ത്ത്.

അതേസമയം വിജയ് പി നായര്‍ക്കെതിരെയുള്ള പരാതിയില്‍ സൈബര്‍ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലില്‍ തന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നല്‍കുകയും ചെയ്ത 3 പേരില്‍ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബര്‍ പൊലീസില്‍ പരാതി ലഭിച്ചു.

Noora T Noora T :