ലഹരിമരുന്ന് കേസില്‍ ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യംനൽകിയതോടെ ആഘോഷമാക്കി ബോളിവുഡ്. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പുറത്തിറങ്ങി.
സോനു സൂദ്, സ്വര ഭാസ്‌കര്‍, ആര്‍ മാധവന്‍, രാം ഗോപാല്‍ വര്‍മ, രണ്‍വീര്‍ ഷൂരി, മലൈക അറോറ, ഷനായ കപൂര്‍, സുചിത്ര കൃഷ്ണമൂര്‍ത്തി, ഹന്‍സല്‍ മെഹ്ത, സഞ്ജയ് ഗുപ്ത തുടങ്ങിയ സെലിബ്രിറ്റികള്‍ ആര്യന്റെ ജാമ്യത്തില്‍ സന്തോഷം പങ്കുവച്ചു.
”ദൈവത്തിന് നന്ദി… ഒരു അച്ഛനെന്ന നിലയില്‍ എനിക്കേറെ ആശ്വാസം തോന്നുന്നു.. പോസ്റ്റീവായ, നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ…” എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂര്‍ പങ്കുവച്ചത്. ”എനിക്കിന്ന് രാത്രി ആഘോഷമാക്കണം..” എന്നാണ് സംവിധായകന്‍ ഹന്‍സാല്‍ മെഹ്ത ട്വീറ്റ് ചെയ്തത്.
”ആര്യന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്, എന്നാല്‍ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലില്‍ കിടത്തിയ സംവിധാനത്തില്‍ ഞാന്‍ വളരെ അസ്വസ്ഥനാണ്” എന്നാണ് സഞ്ജയ് ഗുപ്തയുടെ ട്വീറ്റില്‍ പറയുന്നത്.
ആര്യൻ ഖാന് ജാമ്യം ലഭിച്ചതിനു പിന്നാലെ, ജാമ്യം നേടിയെടുത്ത അഭിഭാഷകർക്കൊപ്പം ഷാറുഖ് ഖാൻ സന്തോഷം പങ്കിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട് . അഭിഭാഷകർക്കൊപ്പം ഷാറുഖ് ഖാൻ പുഞ്ചിരിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തിൽ ഷാറുഖിന്റെ മാനേജർ പൂജ ദദ്‌ലാനിയും ഒപ്പമുണ്ട്.
ആര്യൻ ഖാനു ജാമ്യം കിട്ടിയതിനു പിന്നാലെ സഹോദരി സുഹാന ഖാൻ ഇരുവരുടെയും ബാല്യകാല ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആര്യൻ ഖാനും അച്ഛൻ ഷാറുഖ് ഖാനുമൊപ്പമുള്ള ചിത്രകളാണ് സുഹാന പങ്കുവച്ചത്. ‘ഐ ലവ് യു’ എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റിന് ഒരു മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.