മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുധ ചന്ദ്രന്. സിനിമകളിലൂടെയും മിനിസ്ക്രീനുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ സുധ ചന്ദ്രന്റെ ജീവിതം ഒരു പക്ഷേ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരിക്കണം എന്നില്ല. ഗംഭീര നര്‍ത്തകി കൂടിയായ സുധ ചില മലയാളം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ജഡ്ജ് ആയും എത്തിയിട്ടുണ്ടായിരുന്നു. മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന സുധ തന്റെ പതിനാറ് വയസ്സിനുള്ളില്‍ എഴുപത്തിയാറില്‍ അധികം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
വിധിയുടെ വിളയാട്ടം എന്നതു പോലെയായിരുന്നു സുധയുടെ ജീവിതത്തില്‍ ആ സംഭവം നടന്നത്. പതിനാറാം വയസ്സില്‍ ഒരു അപകടത്തില്‍ പെട്ട് കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നു. 1981ല്‍ തിരുച്ചിറപ്പിള്ളിയിലെ ക്ഷേത്രത്തില്‍ കുടുംബസമേതം പോയി മടങ്ങുമ്പോഴാണ് സുധയ്ക്കും കുടുംബത്തിനും ബസ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിസാരപരിക്കുകള്‍ മാത്രമേ സംഭവിച്ചുള്ളുവെങ്കിലും ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് സുധയ്ക്ക് കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത്. കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെ സുധയുടെ വലതുകാല്‍ മുറിച്ചു മാറ്റി.

നൃത്തത്തെ ജീവവായുവായി കണ്ടിരുന്ന സുധയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. സുധയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് നൃത്തം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പഠിച്ചു വേറെ ജോലി നോക്കിക്കൂടെ എന്നായിരുന്നു. ഈ ഒരു ചോദ്യമായിരുന്നു സുധക്ക് തന്റെ ജീവിതത്തില്‍ നൃത്തം എത്രമാത്രം പ്രിയപ്പെട്ടതും മൂല്യമുള്ളതുമായിരുന്നു എന്നുള്ള തിരിച്ചറിവ് സമ്മാനിച്ചത്. ആറു മാസം ആശുപത്രിയില്‍ വാസം സുധയുടെ ജീവിതം തന്നെ മാറ്റിയിരുന്നു. പിന്നീട് കൃത്രിമക്കാല്‍ വെച്ച് നൃത്തത്തിലേക്കും അഭിനയരംഗത്തേക്കും തിരിച്ചെത്തുകയായിരുന്നു.
ഇപ്പോഴിതാ തനിക്ക് വിമാനത്താവളത്തിലെ പരിശോധനക്കിടെ ഇടയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടി വരുന്നതില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് സുധ ചന്ദ്രന്. ഇത്തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെ പോലെയുള്ളവര്‍ക്ക് പ്രത്യേത കാര്‍ഡ് അനുവദിക്കണമെന്നാണ് സുധ ചന്ദ്രന് അഭ്യര്‍ത്ഥിക്കുന്നത്.

ഇന്റസ്ഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയയാകാറുണ്ട്. ഓരോ പ്രാവശ്യവും കൃത്രിമക്കാല്‍ ഊരി മാറ്റുന്ന വേദനാജനകമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ മോദി സര്‍ക്കാരും സംസ്ഥാന സര്‍ക്കാര്‍ അധികൃതരും തന്റെ ആവശ്യം അംഗീകരിച്ച് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷിക്കുന്നു’. സുധ ചന്ദ്രന് പറഞ്ഞു.
വീഡിയോ വൈറലായതിന് പിന്നാലെ സുധ ചന്ദ്രനെ പിന്തുണച്ച് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ന്യായമായ ആവശ്യമാണെന്നും നീതി ഉറപ്പാക്കണമെന്നുമാണ് അഭിപ്രായങ്ങള്‍ ഉയരുന്നത്.