ആദ്യം ഈ കഥ പറഞ്ഞത് മോഹൻലാലിനോട്…അന്ന് നായകന്‍ നരസിംഹ മന്നാഡിയാര്‍ അല്ല; വെളിപ്പെടുത്തലുമായി രചയിതാവ്..!

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി തടിമല്ല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ചിത്രമാണ് ധ്രുവം. കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എസ്.എൻ. സ്വാമി, സാജൻ ബാബു എന്നിവർ ചേർന്നാണ്.

സാമ്പത്തികമായി വിജയം നേടിയ ചിത്രം കൂടിയാണിത്. ഇപ്പോഴിതാ, ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഈ സിനിമ സംഭവിച്ച കഥ വെളിപ്പെടുത്തുകയാണ് സാജൻ

ആദ്യം ഈ കഥ രചിക്കുമ്പോള്‍ അതില്‍ നരസിംഹ മന്നാഡിയാര്‍ എന്നത് ഒട്ടും പ്രാധാന്യം ഇല്ലാത്ത, ചെറിയൊരു കഥാപാത്രം മാത്രമായിരുന്നു എന്നും, ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു എന്നും സാജന്‍ പറയുന്നു.

ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, പിന്നീട് ഈ കഥ ആദ്യമായി പറയുന്നത് മോഹന്‍ലാലിനോട് ആണെന്നാണ് എ കെ സാജന്‍ പറയുന്നത്. ഊട്ടിയില്‍ കിലുക്കത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാന്‍ ആഗ്രഹിച്ച കമലും നിര്‍മ്മാതാവും ഈ കഥ തിരഞ്ഞെടുത്തില്ല എന്നും സാജന്‍ വെളിപ്പെടുത്തുന്നു.

പിന്നീട് കുറച്ചു നാള്‍ കഴിഞ്ഞാണ് ഈ കഥ സാജന്‍ എസ് എന്‍ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതില്‍ ഒരു നായകന്‍ മിസ്സിംഗ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരോന്നും ആക്കാന്‍ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോള്‍ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രത്തെ സ്വാമിയോടൊപ്പം ചേര്‍ന്ന് സാജന്‍ വികസിപ്പിച്ചത്.

Noora T Noora T :