നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് ജന്മദിനാശംസകള്‍ അറിയിച്ച് രാവിലെതന്നെ ആരാധകർക്കും സഹപ്രവർത്തകരും എത്തിയിരുന്നു. കൂട്ടത്തിൽ പൃഥ്വിയ്ക്ക് ആശംസകള്‍ അറിയിച്ച് രാഗീത് ആര്‍ ബാലന്‍ എന്നൊരു ആരാധകന്‍ എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. നന്ദനം മുതല്‍ അവസാനമിറങ്ങിയ പൃഥ്വിരാജിന്റെ ഭ്രമം എന്ന സിനിമയെ കുറിച്ച് വരെ സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം … ” നന്ദനത്തിലെ മനുവില്‍ തുടങ്ങി ഭ്രമത്തിലെ റോയ് മാത്യു വരെ ഉള്ള അഭിനയ ജീവിതം. നടനില്‍ തുടങ്ങി ഗായകനിലേക്കും അതിന് ശേഷം നിര്‍മാതാവിലേക്കും വിതരണക്കാരനിലേക്കും, സംവിധായകനിലേക്കും അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും കയ്യൊപ്പ് പതിപ്പിച്ച ഓള്‍ റൗണ്ടര്‍. രാജപ്പന്‍ എന്ന് വിളിച്ചവരെ കൊണ്ട് മികച്ച സിനിമകളും മികച്ച കഥാപാത്രങ്ങളും കൊണ്ട് പൃഥ്വിരാജ് എന്ന് വിളിപ്പിച്ച നടന്‍. അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ എടുത്തു വലിച്ചു കീറി കുറ്റം കണ്ടുപിടിക്കുന്നവര്‍ അഭിനയിക്കാന്‍ അറിയാത്ത നടന്‍ എന്ന് മുദ്ര കുത്തുന്നവര്‍ മുംബൈ പോലീസ് എന്നൊരു സിനിമ കണ്ടാല്‍ മതി.
ഞാന്‍ കണ്ട മലയാള സിനിമകളിലെ ഏറ്റവും ശക്തവും വ്യത്യസ്തവുമായ ഒരു പോലീസ് കഥാപാത്രം ഞാന്‍ കണ്ടു ശീലിച്ച പോലീസ് കഥാപാത്രങ്ങളുടെ ഒരു പൊളിച്ചെഴുത് അതായിരുന്നു മുംബൈ പോലീസ് എന്ന സിനിമയിലെ ആന്റണി മോസസ്. അസിസ്റ്റന്റ് കമ്മീഷണര്‍ ആയ ആന്റണി മോസസ് ഉറ്റ സുഹൃത്തായ സഹപ്രവര്‍ത്തകനെ കൊല ചെയ്യുന്നു.
കേസന്വേഷണം ആന്റണിയില്‍ തന്നെ ഏല്‍പ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തില്‍ ആന്റണിയുടെ ഓര്‍മ്മകള്‍ നഷ്ടമാവുന്നു. അങ്ങനെ ഓര്‍മ്മ നഷ്ടപ്പെട്ട അയാളെ കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന് എങ്ങനെ ചെയ്തു എന്ന് പറയിപ്പിച്ച കഥയാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആക്കുന്നത്.
ഒരു ആന്റണി മോസസ് പ്രതിയായ തന്നെ തന്നെ സംരക്ഷിക്കാന്‍ അന്വേഷണ ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍. ഓര്‍മ്മകള്‍ നഷ്ടമായ മറ്റൊരു ആന്റണി മോസസ് തന്നെ നശിപ്പിക്കുവാന്‍ ശ്രമിച്ച തെളിവുകളെ കണ്ടെത്തുന്നു. എന്റെ അഭിപ്രായത്തില്‍ മലയാള സിനിമാ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം അടയാളപ്പെടുത്തിയ ഒരു കഥാപാത്രം അതാണ് ആന്റണി മോസസ്. കുറ്റവാളികളോടും സ്ത്രീകളോടും ക്രൂരമായി പെരുമാറുന്ന റാസ്‌ക്കല്‍ മോസസ് എന്ന പോലീസ്‌കാരന്‍.
തന്റേടം ഉള്ളവനും സമര്‍ത്ഥനുമായ പോലീസ്‌കാരന്‍ റാസ്‌ക്കല്‍ മോസസ് എന്ന് കാണുന്ന ഓരോ പ്രേക്ഷകനും വിധി എഴുതിയ കഥാപാത്രം. എന്നാല്‍ ആ കഥാപാത്രത്തിനു മറ്റൊരു ഐഡന്റിറ്റി കൂടി ഉണ്ടായിരുന്നു അയാള്‍ ഒരു സ്വവര്‍ഗ്ഗനുരാഗി ആയിരുന്നു. തന്റെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നില്‍ പരിപൂര്‍ണ്ണമായി ഒളിപ്പിച്ചു വെച്ച് ജീവിക്കുന്ന ഒരു പോലീസ്‌കാരന്‍ ആയിരുന്നു.
സ്വന്തം ബലഹീനതയെ മറ്റുള്ളവരില്‍ നിന്നും മറച്ചു വെക്കുവാന്‍ വേണ്ടി സ്വയം അയാള്‍ ഒരു റാസ്‌കല്‍ മോസസ് ആയി മാറുകയാണ്. ഇനി മലയാള സിനിമയില്‍ ആന്റണി മോസസിനെ പോലൊരു നായകന്‍ ജനിക്കുമോ എന്നുള്ള കാര്യം സംശയമാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകള്‍ക്കൊപ്പം ചേര്‍ത്തു വായിക്കുവാന്‍ പറ്റുന്ന സിനിമയും കഥാപാത്രവും നായകനും ആണ് മുംബൈ പോലീസും ആന്റണി മോസസും പൃഥ്വിരാജും.” എന്നവസാനിക്കുന്നു കുറിപ്പ്.
about prithviraj