‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി; സംഘടനയിൽ നിന്ന് വിട്ടുപോയത് വലിയൊരു നഷ്ടം..

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നടി പാർവതിയുടെ രാജി അംഗീകരിച്ചിരുന്നു. എന്നാൽ പാര്‍വതിയുടെ രാജിക്കത്തില്‍ പുനഃപരിശോധന വേണമെന്ന് നടൻ ബാബുരാജ് മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോഴിതാ പാർവതി അമ്മയിൽ നിന്നും വിട്ടുപോയത് വലിയ നഷ്ടമാണെന്നും ‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടി ആയിരുന്നു അവരെന്നുമാണ് ബാബുരാജ് അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്

ബാബുരാജിന്റെ വാക്കുകൾ

‘അമ്മ’യുടെ വൈസ് പ്രസിഡന്റാവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ വിട്ടുപോയത് വലിയൊരു നഷ്ടം തന്നെയാണ്. അവരുടെ ഭാഗം കേൾക്കുവാനുള്ള വേദിയൊരുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.

പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരായി ആരുമില്ല. പരിഹരിക്കുവാൻ സാധിക്കുന്ന പ്രശ്നങ്ങൾ നമ്മൾ പരിഹരിച്ചിട്ടുണ്ട്. പിന്നെ ഇടവേള ബാബുവിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു ചോദിച്ചിരുന്നു. അയാൾ നടിയെക്കുറിച്ച് മോശമായി പറഞ്ഞതല്ല, സിനിമയിലെ കഥാപാത്രത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആളുകൾ വളച്ചൊടിച്ചതാണ്.

ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ തുടർന്നായിരുന്നു അമ്മയിൽ നിന്ന് നടി പാർവതി രാജി വെച്ചത് . ‘അമ്മ’ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു ഇടവേള ബാബു പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല… അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്… അയാളോട് പുച്ഛം മാത്രമാണ്! ഞാന്‍ A.M.M.A യില്‍ നിന്നും രാജി വയ്ക്കുന്നുവെന്നാണ് പാർവതി അറിയിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന അമ്മ യോഗത്തിൽ പാർവതിയുടെ രാജി അംഗീകരിക്കുകയും ചെയ്തു

Noora T Noora T :