കഴിഞ്ഞ ദിവസം പൂഞ്ചില്‍ പാക്കിസ്ഥാന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന് ആദരാഞ്ജലി നേര്‍ന്ന് മോഹൻലാൽ. താരം പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറുന്നത്.
വൈശാഖിൻ്റെ അമ്മയുമായി സംസാരിച്ച വിവരവും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നുണ്ട്. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു എന്നും അദ്ദേഹം പോസ്റ്റിലൂടെ സൂചിപ്പിക്കുകയുണ്ടായി.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ
കാശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരൻ വൈശാഖിൻ്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപെട്ട തീവ്രവേദന ഉള്ളിൽ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളിൽ വിങ്ങി നിറഞ്ഞിരുന്നു.
എൻ്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികൾ. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ കണ്ടുമുട്ടിയിരുന്നു, ചേർത്തുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇപ്പോളും എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
പൂഞ്ചില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയില്‍ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
നാല് ഭീകരര്‍ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. വൈശാഖിനെ കൂടാതെ ജൂനീയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ജസ് വീന്ദ്രര്‍ സിങ്, നായിക് മന്‍ദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജന്‍ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികര്‍.