എന്റെ കാര്യത്തിൽ അദ്ദേഹം ഒരു ദിവസം ഇങ്ങനെ പറയും എന്നാണ് കരുതിയത്..വികാരഭരിതനായി ഇന്നസെന്റ്

നടൻ നെടുമുടി വേണുവിന്റെ വിയോ​ഗത്തിൽ വികാരഭരിതനായി നടൻ ഇന്നസെന്റ്. അദ്ദേഹവുമായി അടുത്ത ബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന ആളാണെന്നും നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും സാധിക്കാത്ത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

“ഞാനും നെടുമുടി വേണുവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. മദ്രാസിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിന് മുമ്പ് സിനിമയിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ആദ്യമായി കാണുന്നതൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ഒരു രാത്രി കൊണ്ട് ഞങ്ങൾ സുഹൃത്തുക്കളായി എന്നുള്ളതാണ്. ഞാൻ നിർമ്മിച്ച നാല് ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാൻ പോലും എനിക്ക് വയ്യ. നമ്മൾ തമ്മിലുള്ള ബന്ധവും അദ്ദേഹത്തിന്റെ അഭിനയവുമായിരുന്നു അതിന് കാരണം. എന്റെ കാര്യത്തിൽ അദ്ദേഹം ഒരു ദിവസം ഇങ്ങനെ പറയും എന്നാണ് കരുതിയത്. ഞാൻ അങ്ങനെ വിചാരിക്കുന്ന ആളാണ്. പക്ഷേ.. പ്രാർത്ഥിക്കുന്നു”, എന്ന് ഇന്നസെന്റ് പറഞ്ഞു.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന നെടുമുടി വേണു ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്

Noora T Noora T :