ആശുപത്രിയിൽ ആണെന്ന് അറിഞ്ഞത് മുതൽ വലിയ ആശങ്കയും പ്രാർത്ഥനയും ആയിരുന്നു… അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല; വേദനയോടെ സിബി മലയിൽ

നടൻ നെടുമുടി വേണുവിന്റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് സിനിമാലോകം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ പ്രവേശിപ്പിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആരോഗ്യ നില ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു നേരത്തേ അദ്ദേഹത്തിന് കോവിഡ്‌ ബാധിച്ചിരുന്നു.

നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത നടനാണ് നെടുമുടിയെന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്.

“പകരം വയ്ക്കാനില്ലാത്ത നടനാണ് വേണുച്ചേട്ടൻ. അദ്ദേഹത്തോട് കിടപിടിക്കാനോ താരതമ്യപ്പെടുത്താനോ ഒരു കലാകാരൻ ഇല്ലയെന്ന് നിസംശയം പറയാനാകും. വലിയൊരു വേദനയാണ്. എന്റെ ആദ്യത്തെ സിനിമയിൽ പ്രധാനവേഷം ചെയ്തത് ഉൾപ്പടെ ഏതാണ്ട് ഇരുപതിലേറെ സിനിമകളിൽ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. ജേഷ്ഠ സഹോദരൻ, അടുത്ത സുഹൃത്ത്, നമുക്ക് ഏത് ഘട്ടത്തിലും സമീപിക്കാൻ ഉതകുന്ന , പിൻബലമായി നിൽക്കുന്ന ആളായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ നഷ്ടമാണ്. ആശുപത്രിയിൽ ആണെന്ന് അറിഞ്ഞത് മുതൽ വലിയ ആശങ്കയും പ്രാർത്ഥനയും ആയിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല” , സിബി മലയിൽ പറയുന്നു.

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Noora T Noora T :