അഭിനയത്തിലും രാഷ്ട്രീയത്തിലും എന്ന പോലെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വിവേക് ഗോപൻ. നടൻ പങ്കിടുന്ന ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും ആരാധകരേറെയാണ്. അത്തരത്തിൽ വിവേക് പങ്കുവച്ച പുതിയ പോസ്റ്റാണ് ഏറെ വൈറലായി മാറുന്നത്
കഴിഞ്ഞദിവസം ഒ. രാജഗോപാലിനെ സന്ദർശിച്ച ശേഷം പകർത്തിയ ചിത്രങ്ങളാണ് വിവേക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്
വിവേകിന്റെ വാക്കുകളിലേക്ക്.
പാലക്കാട് താരേക്കാട് ബസ് സ്റ്റാൻഡ് പരിസരം.. കുറച്ചു ചെറുപ്പക്കാർ അടിയന്തരാവസ്ഥക്കും ഇന്ദിരാ ഗാന്ധിക്കും എതിരെ മുദ്രാവാക്യം വിളികളുമായി കടന്നു വരുന്നു. പൊടുന്നനെ വേട്ടമൃഗങ്ങളുടെ ശൗര്യത്തോടെ ഒരുകൂട്ടം പോലീസുകാർ ചാടിവീണു യുവാക്കളെ അതി ഭീകരമായി മർദിക്കുന്നു.പക്ഷേ പോലീസ് ഭാഷ്യത്തിനും മീതെ ഉയർന്നു പൊങ്ങുക ആയിരുന്നു ആ മുദ്രാവാക്യങ്ങൾ.

ഒരു ‘വ്യക്തി ‘അധികാരം നിലനിർത്താൻ ജനാധിപത്യത്തെ കശാപ്പു ചെയ്തപ്പോൾ ആ ഫാസിസത്തെ ഭാരതം ഒട്ടാകെ എതിർത്തപ്പോൾ കേരളത്തിൽ സധൈര്യം മുന്നോട്ടു വന്ന് പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് കൂടിയ ആ 22 ആളുകളിൽ പ്രധാനി ആയിരുന്നു … ഒ. രാജഗോപാൽ, നമ്മുടെ സ്വന്തം രാജേട്ടൻ.
ദീനദയാൽ ഉപാധ്യയയിൽ ആകൃഷ്ടനായ, പൊതു പ്രവർത്തനത്തിനായി പാലക്കാട് ജില്ല കോടതിയിലെ അഭിഭാഷക ജോലി അവസാനിപ്പിച്ച, ജനസംഘത്തിലൂടെ നടന്ന, ബി ജെ പി യിലൂടെ വളർന്ന, കേന്ദ്രമന്ത്രിയും എം എൽ എ യും ആയിരുന്ന രാജേട്ടനെ കഴിഞ്ഞ ദിവസം സന്ദർശിക്കാൻ അവസരം ലഭിച്ചു..1992 മുതൽ 2004 വരെ രാജ്യസഭാ അംഗമാവുകയും ചെയ്തു.
1998 ഇൽ വാജ്പേയി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രി ആയ വേളയിൽ നടന്ന റെയിൽവേ വികസന പദ്ധതികളും വിശിഷ്യ കേരളത്തിന് ഉണ്ടായ നേട്ടങ്ങളും സ്മരണീയമാണ്.. അടിയന്തരാവസ്ഥ കാലഘട്ടത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയവേ പിഞ്ചു കുട്ടികളെയും ചേർത്ത് പിടിച്ചു തന്നെ കാണാൻ ഭാര്യ വരാറുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന വൈകാരിക നിമിഷങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പൊതുരംഗത്തെ അനുഭവങ്ങൾ തെല്ലു ഞെട്ടലോടെയും ആശ്ചര്യത്തോടും മാത്രമേ നമുക്ക് കേട്ടിരിക്കാൻ സാധിക്കൂ

ചവറ നിയോജക മണ്ഡലത്തിലെ ഇലക്ഷനിൽ നടന്ന ശ്രദ്ധേയ പ്രകടനത്തെ പ്രകീർത്തിച്ച അദ്ദേഹം ഇനിയും സധൈര്യം മുന്നോട്ടു പോകാൻ നിർദ്ദേശിച്ചു…പൊതുരംഗത്തേക്ക് കടന്നു വന്ന എനിക്ക് പ്രേരണ ദായകമായ അനുഭവങ്ങൾ പങ്കുവച്ച രാജേട്ടന് ആയുരാരോഗ്യ സൗഖ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു, കാൽ തൊട്ട് പ്രണമിച്ചു താൽക്കാലത്തേക്ക് യാത്ര പറഞ്ഞു പിരിഞ്ഞു…