എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല; വാർത്തകളോട് പ്രതികരിച്ച് സാമന്ത!

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാഗചൈതന്യയോ ഇതുവരെ പ്രതികരിച്ചിരുന്നുമില്ല. എന്നാൽ. ഇന്നലെ സാമന്തയുടെ വസ്ത്ര ബ്രാന്‍ഡായ സാകിയുടെ ഒന്നാം വാര്‍ഷികമായിരുന്നു. ഇതിന് പിന്നാലെ ആരാധകരുമായി സംവദിക്കാനെത്തിയ താരത്തിന് ചില ചോദ്യങ്ങള്‍ നേരിടേണ്ടി വന്നു.

താങ്കള്‍ ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് താമസം മാറുകയാണെന്ന വാര്‍ത്ത കേട്ടല്ലോ ശരിയാണോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നൂറു കണക്കിനുവരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് എന്റെ വീടാണ്. എന്നും എന്റെ വീടായി തന്നെയിരിക്കും. ഹൈദരാബാദാണ് എനിക്ക് എല്ലാം തന്നത്. ഞാന്‍ ഇവിടെ ഇനിയും സന്തോഷമായി ജീവിക്കും’ എന്നായിരുന്നു ഇതിന് സാമന്ത നല്‍കിയ മറുപടി

ഏകദേശം നാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം താരദമ്പതിമാര്‍ വേര്‍പിരിയുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇരുവരും ഈ പ്രചരണങ്ങളോട് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.

അടുത്തിടെ ക്ഷേത്രത്തിലെത്തിയ സാമന്തയോട് ഇതെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് അവര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ‘ഞാന്‍ ക്ഷേത്രത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നായിരുന്നു സാമന്ത ചോദിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ സാമന്ത വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ട്രോളുകളോടും മറ്റും താന്‍ പ്രതികരിക്കാറില്ലെന്നും ഈ വിഷയത്തിലും അത് അങ്ങനെ തന്നെയാണെന്നും ഇത്തരം ബഹളങ്ങളെ താന്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും സാമന്ത പറഞ്ഞിരുന്നു.

സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് തന്റെ പേരിനൊപ്പമുണ്ടായിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്.

about samantha

Safana Safu :