എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും; വേഷം നിരസിക്കുന്നതിനര്‍ത്ഥം സിനിമ നല്ലതല്ലെന്നല്ല; പ്രതികരണവുമായി സായ് പല്ലവി!

മലയാള സിനിമയില്‍ അരങ്ങേറി പിന്നീട് തമിഴിലും തെലുങ്കിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് സായി പല്ലവി. ഇപ്പോള്‍ വമ്പന്‍ പ്രൊജക്ടുകളോടും വലിയ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകളോടും ‘നോ’ പറയുന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ആര്‍ക്കും വിഷമമുണ്ടാക്കാതെ, അവഹേളിക്കാത്ത രീതിയില്‍ ഓഫര്‍ നിരസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും പേടിപ്പെടുത്തുന്നതുമായ കാര്യമാണെന്നാണ് താരം പറഞ്ഞത്. വേഷം നിരസിക്കുന്നത് സിനിമ മോശമായത് കൊണ്ടല്ല എന്നും സായ് പല്ലവി പറഞ്ഞു.

”ഞാന്‍ എന്നെത്തന്നെ ആ ക്യാരക്ടറില്‍ കാണാത്തത് കൊണ്ടാണ് ഓഫര്‍ നിരസിക്കുന്നത്. അല്ലാതെ സിനിമ മോശമായത് കൊണ്ടല്ല. എന്റെ അഭിപ്രായം പറയുന്നതില്‍ ഞാന്‍ എപ്പോഴും സത്യസന്ധമായിരിക്കും. ഇത് നല്ല സിനിമയാണെന്നും എന്നാല്‍ ഞാന്‍ ഈ വേഷം ചെയ്താല്‍ നന്നാവില്ലെന്നും അവരോട് തുറന്ന് പറയും,” സായ് പല്ലവി പറയുന്നു.ഞാന്‍ തുറന്ന് സംസാരിക്കുന്നത് കൊണ്ടുതന്നെ കേള്‍ക്കുന്നവര്‍ അത് മനസിലാക്കാറുണ്ട്. മറ്റൊരു സ്‌ക്രിപ്റ്റുമായി വീണ്ടും വരാം എന്ന് അവര്‍ പറയും. ബുദ്ധിമുട്ടേറിയതാണെങ്കിലും ആളുകള്‍ എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

നേരത്തേ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോള്‍ സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. തനിക്ക് റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്.

about sayi pallavi

Safana Safu :