ഇഞ്ചോടിഞ്ചു പോരാട്ടത്തിനായി സംസ്ഥാന അവാര്‍ഡ് മത്സരരംഗം; മത്സരിക്കാൻ ശോഭന, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത് തുടങ്ങി വമ്പൻ താരനിര!

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 80 സിനിമകളെ ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള മത്സരം നടക്കുന്നത്. ഇതിൽ മികച്ച നടനുള്ള അവാര്‍ഡിന് ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ മത്സരിക്കുമ്പോള്‍ ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. എല്ലാം മലയാളികളുടെ പ്രിയപ്പെട്ട നടീ നടന്മാർ എന്നതിലുപരി എല്ലാവരും വളരെ മികച്ച വേഷങ്ങളാണ് പോയവർഷം കാഴ്ചവെച്ചത്.

മഹേഷ് നാരായണ്‍, സിദ്ധാര്‍ഥ് ശിവ, ജിയോ ബേബി, അശോക് ആര്‍.നാഥ്, സിദ്ദിഖ് പറവൂര്‍, ഡോണ്‍ പാലത്തറ എന്നീ ആറ് സംവിധായകരുടെ രണ്ട് സിനിമകള്‍ വീതം അവാര്‍ഡിന് മത്സരിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍, ‘ട്രാന്‍സ്’, ‘മാലിക്’ എന്നിവയില്‍ ഫഹദ് ഫാസില്‍, ജയസൂര്യയുടെ ‘വെള്ളം’, ‘സണ്ണി’, ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’ ‘ഫോറന്‍സിക്’ എന്നിവയിലൂടെ ടൊവിനോ തോമസ്, ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ലൂടെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് മത്സരത്തിനുള്ളത്.

‘വേലുക്കാക്ക ഒപ്പ് കാ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ ഇന്ദ്രന്‍സും അവാര്‍ഡിന് മത്സരരംഗത്തുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശോഭന മത്സരിക്കുന്നു. ‘വര്‍ത്തമാന’ത്തിലെ അഭിനയത്തിന് പാര്‍വതി തിരുവോത്ത്, ‘കപ്പേള’യിലൂടെ അന്ന ബെന്‍, ‘വെള്ളം’, ‘വൂള്‍ഫ്’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോന്‍, ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ലൂടെ നിമിഷ സജയന്‍ എന്നിവരാണ് അവാര്‍ഡിന് മത്സരിക്കുന്ന മറ്റു നടിമാര്‍.

‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ സച്ചിയെ മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള അവാര്‍ഡിനും പരിഗണിക്കുന്നുണ്ട്. സച്ചിക്ക് അവാർഡ് ലഭിക്കുകയാണെങ്കില്‍ അത് മരണാനന്തര ബഹുമതിയായിരിക്കും. ‘മാലിക്’, ‘സീ യു സൂണ്‍’ എന്നിവയിലൂടെ മഹേഷ് നാരായണനും മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് മല്‍സരിക്കുന്നു. ‘സീ യു സൂണ്‍’ എഡിറ്റിങ്ങിനുള്ള പുരസ്‌കാരത്തിനും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ശ്യാമപ്രസാദിന്റെ ‘കാസിമിന്റെ കടല്‍’, ഡോ. ബിജുവിന്റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’, ഹരികുമാറിന്റെ ‘ജ്വാലാമുഖി’ എന്നിവയും അവാര്‍ഡ് ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്. ജ്വാലാമുഖിയില്‍ നടി സുരഭി ലക്ഷ്മി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ എം.ജയചന്ദ്രന്‍, ‘അയ്യപ്പനും കോശിയും’ സിനിമയിലെ സംഗീതത്തിന് ജേക്‌സ് ബിജോയ് എന്നിവര്‍ മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിന് പരിഗണിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ചിത്രങ്ങളിലേയും സംഗീതം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊവിഡ് സമയത്ത് തിയറ്ററുകള്‍ അടച്ചിട്ടുവെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് നടന്നതിനാല്‍ സിനിമകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം കാര്യമായ കുറവുണ്ടായിട്ടില്ല. മത്സരത്തിനെത്തിയ 80 ചിത്രങ്ങള്‍ രണ്ട് പ്രാഥമിക ജൂറികള്‍ ആദ്യം കണ്ട് വിലയിരുത്തും. ഇതില്‍ നിന്നും അവര്‍ രണ്ടാം റൗണ്ടിലേയ്ക്ക് നിര്‍ദേശിയ്ക്കുന്ന ചിത്രങ്ങളില്‍ നിന്നാവും അന്തിമ ജൂറി അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുക്കുക.പ്രാഥമിക ജൂറിയുടെ അധ്യക്ഷന്‍മാര്‍ തന്നെ അന്തിമ ജൂറിയിലും അംഗങ്ങളായിരിക്കും.

about film award

Safana Safu :