മോൺസണ്‍ മാവുങ്കലിന് വേണ്ടി നടൻ ബാല ഇടപെട്ടു; ഓഡിയോ ക്ലിപ്പ് തെളിവ്…ചെന്നൈയിലെ വസതിയിൽ ചങ്കിടിച്ച് താരം

പുരാവസ്തു തട്ടിപ്പ് പ്രതി മോൺസണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. മോന്‍സന് എതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് അജി നെട്ടൂരിനോട് ബാല ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്.

പത്ത് വർഷമായി മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയുടെ സുഹൃത്തിനെ മോന്‍സണ്‍ ഈ തട്ടിപ്പിൽ വീഴ്ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന് ശേഷം അജിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതോടെ സുഹൃത്തിനെ തട്ടിപ്പിന് ഇരയാക്കിയ പരാതി പോലീസ് സ്റ്റേഷനിൽ എത്തി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസിൽ നിന്നും, അജി താമസിക്കുന്ന ഭാഗത്തെ പോലീസിൽ നിന്നും ഒട്ടേറെ പീഡനങ്ങൾ അജിയ്ക്കും കുടുംബത്തിനും ഏൽക്കേണ്ടി വന്നിരുന്നു.

ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് നടൻ ബാല മോന്‍സന് വേണ്ടി ഇടപെട്ട റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അജിയോട് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പറയുന്ന ഓഡിയോ ക്ലിപ്പുകൾ ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. മോന്‍സന് എതിരെയുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ബാല ആവശ്യപ്പെടുന്നത് സംഭാഷണത്തിൽ വ്യക്തമാണ്.

മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ബാല. ഈ ഒരു ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്.

അതേ സമയം നടൻ ബാലയ്ക്ക് മോന്‍സനുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഉന്നയിച്ച് കേസിൽ പരാതിക്കാരനായ എം ടി ഷമീറും രംഗത്തെത്തി. മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു നടൻ ബാല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം ബാല വീട്ടിൽ എത്താറുണ്ടെന്ന് മാത്രമല്ല, സിനിമാ മേഖലയിലെ ഉന്നത ബന്ധങ്ങൾക്ക് ഇടനിലക്കാരനായി നിന്നിട്ടുണ്ടെന്നും പറയുന്നു. പുരാവസ്തുക്കൾ കുറിച്ച് ബാല തന്നെ യൂട്യൂബ് ചാനൽ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും പറയുന്നു. ആളുകൾക്കിടയിൽ നല്ലൊരു ഇമേജ് നേടിക്കൊടുക്കാൻ ബാല കിണഞ്ഞു ശ്രമിച്ചു. പത്ത് വർഷത്തോളം മോന്‍സന്റെ ഡ്രൈവറായിരുന്ന അജിയെ പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുന്ന ബാലയ്ക്ക് ഉള്ളത് കേവലമൊരു സൗഹൃദം അല്ലെന്നും എം ടി ഷമീർ വ്യക്തമാക്കുന്നു.

അതേ സമയം, അദ്ദേഹത്തിന്റെ അയൽവാസിയെന്നല്ലാതെ മോന്‍സനുമായി മറ്റു ബന്ധങ്ങൾ ഇല്ലെന്ന് പ്രതികരിച്ച് ബാല രംഗത്തെത്തി. ഒരു അറിവുമില്ലാത്ത ഈ ആരോപണങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി വേട്ടയാടുകയാണെന്നും, മനഃസമാധാനം നഷ്ടപ്പെട്ട് ചെന്നൈയിലുള്ള വസതിയിലാണ് ഇപ്പോഴുള്ളതെന്നുമാണ് ബാലയുടെ പ്രതികരണം. തന്നെ ഒരു രീതിയിലും ആളുകൾ ജീവിക്കാൻ സമ്മതിക്കുന്നില്ല, ഡ്രൈവറും മോന്‍സനുമായി എന്താണ് പ്രശ്നമെന്ന് തനിക്ക് അറിയില്ല, അത് തിരക്കാനുള്ള സമയവും തനിക്ക് ഇല്ലെന്ന് ബാല പറയുന്നു.

Noora T Noora T :