ഒരേ റൂമില്‍ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാന്‍…സീരിയലിലെ മമ്മുക്കയ്ക്ക് പിറന്നാളാശംസകളുമായി സാജൻ സൂര്യ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സാജന്‍ സൂര്യ. മിനിസ്‌ക്രീനിലെ മിന്നും താരമായ സാജന്‍ വെള്ളിത്തിരയിലും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. അഭിനയത്തിൽ തന്റേതായ ഒരു വ്യക്തിമുദ്ര സാജൻ പതിപ്പിച്ചതിട്ടുണ്ട്.

സാജൻ സൂര്യയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം
താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്

സാജനെ പണ്ട് തന്നെ ഇഷ്ടമില്ലായിരുന്നെന്നും, എന്നാല്‍ പിന്നീട് തങ്ങളുടെ സുഹൃദ്ബന്ധം ദൃഢമാകുകയായിരുന്നു എന്നുമാണ് ജിഷിന്‍ കുറിപ്പിലൂടെ പറയുന്നത്. പതിവായുള്ളതുപോലെ രസകരമായാണ് ജിഷിന്‍ പിറന്നാളാശംസയും പങ്കുവച്ചിരിക്കുന്നത്.

ജിഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയുള്ള ഒരു പേടി. പിന്നീട് ആത്മ (അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ട്ടിസ്റ്റ്‌സ്) യുടെ ക്രിക്കറ്റ് ടീമില്‍ ഒന്നിച്ചപ്പോള്‍ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം പാലിച്ചിരുന്നു. പക്ഷെ ഞങ്ങളുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയല്‍ ലൊക്കേഷനില്‍ വച്ചായിരുന്നു.

ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഷൂട്ടിനു അനുമതി ലഭിച്ചപ്പോള്‍ നമ്മളെല്ലാം ഷൂട്ട് നടക്കുന്ന വീട്ടില്‍ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം സ്റ്റേ ചെയ്ത് ഷൂട്ട് നടത്തി. ഒരേ റൂമില്‍ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാന്‍. അന്ന് സാജന്‍ ചേട്ടന്‍ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു. ‘നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ’ എന്ന്. ഞാന്‍ പണ്ട് ഭയങ്കര അലമ്പായിരുന്നു, ഇപ്പൊ നന്നായത്രേ. എന്തായാലും അതിന് ശേഷം നമ്മള്‍ നല്ല കട്ട ഫ്രണ്ട്സ് ആയി. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാന്‍ പറ്റിയ ഒരു ഏട്ടന്‍. അതാണ് എനിക്ക് സാജന്‍ ചേട്ടന്‍. സീരിയലിലെ മമ്മുക്ക എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം സാജന്‍ ചേട്ടന് ജന്മദിനാശംസകള്‍.

Noora T Noora T :