ഞങ്ങളുടെ ജീവിതം സിനിമയാക്കണം ; താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം;ആഗ്രഹം അറിയിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍!

സമീപകാലത്ത് അറെ വിവാദമുണ്ടാക്കിയവരാണ് ഇബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇപ്പോഴിതാ തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് ഈ സഹോദരന്മാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരുടെയും പ്രഖ്യാപനം.

ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ഒരു ആഗ്രഹമുണ്ട്. താല്‍പ്പര്യമുള്ളവര്‍ തങ്ങളെ ബന്ധപ്പെടാനുമാണ് ഇവര്‍ പറയുന്നത്. ebulljet@gmail.com എന്ന മെയില്‍ ഐഡിയില്‍ ബന്ധപ്പെടാനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.

17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യബ് ചാനലാണ് ഇ ബുൾ ജെറ്റ്. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങളാണ് ചാനലിന് പിന്നിൽ. വാനിൽ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. യാത്രകളും ഭക്ഷണവും ഉറക്കവുമെല്ലാം വാനിലായിരിക്കും. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം വാഹനത്തിലും അവർ സാധ്യമാക്കുന്നു. ബെഡ്​റൂം, അടുക്കള, ടോയ്​ലെറ്റ്​, കോൺഫറൻസ്​ ഹാൾ, ടി വി, ഫ്രിഡ്​ജ്​ തുടങ്ങി വാഹനത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കായിരുന്നു അടുത്തിടെ കേരളം സാക്ഷിയായത്.

about e bull jet

Safana Safu :