അങ്ങനെ എന്റെ നൃത്ത പഠനം നിര്‍ത്തി മഞ്ജുവിനെ പഠിപ്പിച്ച് തുടങ്ങുകയായിരുന്നു; മഞ്ജുവിന്റെ ജന്മദിനത്തിൽ മധു വാര്യരുടെ തുറന്നുപറച്ചിൽ !

സെപ്റ്റംബര്‍ പത്തിന് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ജന്മദിനമായിരുന്നു. സോഷ്യൽ മീഡിയ നിറയെ മഞ്ജുവിനോടുള്ള ആരാധനയിൽ എല്ലാ മലയാളികളും ആശംസകൾ അറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സഹോദരന്‍ മധു വാര്യര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. അനിയത്തിയാണ് ആദ്യം സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നാലെ മധുവും അഭിനയിച്ച് തുടങ്ങി. നായകനായും വില്ലനായിട്ടുമൊക്കെ അഭിനയത്തില്‍ സജീവമായതിനൊപ്പം നിര്‍മാണ രംഗത്തേക്ക് കൂടി ചുവടുവെച്ചു. ഇപ്പോള്‍ സംവിധായകന്റെ റോളിലേക്ക് മാറിയിരിക്കുകയാണ്.

അനിയത്തിയായ മഞ്ജു വാര്യരെയും ബിജു മേനോനെയും നായകനും നായികയുമാക്കി ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രമാണ് മധു വാര്യര്‍ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും സിനിമയുടെ റിലീസ് ഇനിയും തീരുമാനിച്ചിട്ടില്ല. സിനിമയെ കുറിച്ചും സഹോദരിയെ കുറിച്ചുമുള്ള രസകരമായ കാര്യങ്ങളാണ് മധു വാര്യര്‍ ഇപ്പോള്‍ പറയുന്നത്. വിശദമായി വായിക്കാം.

”മഞ്ജുവിനെക്കാള്‍ മുന്നേ നൃത്തം പഠിക്കാന്‍ തുടങ്ങിയത് താനാണെന്നാണ് മധു പറയുന്നത്. എന്നെ ഡാന്‍സ് പഠിപ്പിക്കാനാണ് ടീച്ചര്‍ വന്നത്. അന്ന് മഞ്ജു വളരെ ചെറിയ കുട്ടിയാണ്. എന്നെ പഠിപ്പിക്കുന്നത് കണ്ട് അവളും കൂടെ കളിക്കാന്‍ തുടങ്ങി. അത് കണ്ടതോടെ ടീച്ചര്‍ പറഞ്ഞു ഇവള് മിടുക്കി ആണല്ലോന്ന്. അങ്ങനെ എന്റെ നൃത്ത പഠനം നിര്‍ത്തി മഞ്ചുവിനെ പഠിപ്പിച്ച് തുടങ്ങുകയായിരുന്നു. സത്യം പറഞ്ഞാല്‍ എനിക്ക് ഡാന്‍സ് കളിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നെയാണ് സൈനിക് സ്‌കൂളില്‍ ചേരുന്നത്.

അവിടെ വേറെ തരത്തിലുള്ള ജീവിതമാണ്. പിന്നെ അതിലങ്ങ് തിരിഞ്ഞ് പോയി. പക്ഷേ മഞ്ജു നാട്ടിലുള്ള കലയുമായി മുന്നോട്ട് പോവുന്നുണ്ടായിരുന്നു. അവള്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ കാലത്തും ഞാനതൊക്കെ കാണുകയും പൊതുവായ അഭിപ്രായങ്ങള്‍ പറയുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഒടുവില്‍ ഞാനും ഇതേ വഴിയിലേക്ക് തന്നെ വന്ന് ചേരുകയായിരുന്നെന്ന് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മധു വാര്യര്‍ പറയുന്നു.

നാല് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന സിനിമ ഒരുങ്ങുന്നത്. മഞ്ജുവിനെയും ബിജു മേനോനെയും പോലെ കൂടുതല്‍ താരമൂല്യം ഉള്ള അഭിനേതാക്കള്‍ ആവുമ്പോള്‍ അവരുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നേ പറ്റു. നേരത്തെ ചെയ്യാമെന്നേറ്റ വേഷങ്ങള്‍ തീര്‍ക്കാതെ അവര്‍ക്ക് നമ്മുടെ അടുത്തേക്ക് വരാന്‍ പറ്റില്ലല്ലോ. മഞ്ജുവിന് ആണെങ്കില്‍ ചേട്ടന്‍ എന്നുള്ള പരിഗണന ഒന്നുമില്ല. എല്ലാം പ്രൊഫഷണലായി തന്നെയാണ് കണ്ടത്. കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം എന്നീ സിനിമകളിലാണ് ബിജു മേനോനും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിച്ചത്. ശേഷം ഇരുപത് വര്‍ഷത്തിന് ശേഷമാണ് രണ്ടാളും വീണ്ടും ഒരുമിക്കുന്നത്.

രണ്ട് പേരെയും ഒരുമിച്ച് ക്യാമറയിലൂടെ കണ്ടപ്പോള്‍ നല്ല സന്തോഷമാണ് തോന്നിയത്. ബിജു ചേട്ടനും മഞ്ജുവും തമ്മിലും നല്ല അടുപ്പമാണ്. അതുകൊണ്ട് തന്നെ അവര്‍ ഒരുമിക്കുന്ന സീനുകളളെല്ലാം രസകരമായിരുന്നു. ഇവരുടെ വേഷങ്ങള്‍ എങ്ങനെ വേണമെന്ന് എന്റെ മനസില്‍ കുറച്ച് റഫറന്‍സ് ആയി ഉണ്ടായിരുന്നു. മഞ്ജുവിനോട് ഞാനിത് ആദ്യമേ പറഞ്ഞത് കൊണ്ട് അവള്‍ ഒരുങ്ങി തന്നെയാണ് സെറ്റില്‍ വന്നത്. ബിജു ചേട്ടനോട് ഇത് പറഞ്ഞപ്പോഴും പെട്ടെന്ന് തന്നെ അതിന് അനുസരിച്ചുള്ള പ്രതികരണം വന്നു.

ഇങ്ങനെയുള്ള നൈസര്‍ഗികമായ അഭിനേതാക്കളെ കൈയില്‍ കിട്ടുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ എനിക്കൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലെന്നും മധു പറയുന്നു.അന്നന്ന് ജീവിക്കുന്ന വ്യക്തിയാണ് താന്‍. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്നത് സിനിമയാണ്. ഒരുപാട് കൊല്ലമായിട്ടുള്ള സ്വപ്‌നമാണ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിലൂടെ സാധിക്കാന്‍ പോവുന്നത്. ലളിതം സുന്ദരം ഒരു കുടുംബ ചിത്രമായിരിക്കും. എല്ലാ കുടുംബത്തിലും നടക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് കൂടി മധു വാര്യര്‍ സൂചിപ്പിച്ചു.

about manju warrier

Safana Safu :