പിന്നണി ഗായിക സയനോര ഫിലിപ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു.
പോസ്റ്റിന് താഴെ സയനോരയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ചെയ്തത്. അവരുടെ നിറത്തെയും ശരീരപ്രകൃതിയെയും അപഹസിക്കുന്നതായിരുന്നു ഭൂരിഭാഗം കമന്റുകളും.
തനിക്ക് നിറത്തിന്റെ പേരില്‍ വലിയ വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുമ്പ് പലപ്പോഴും സയനോര വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഇത്തരം അപമാനിക്കലുകള്‍ തന്നെ ഒരു കാലത്ത് വല്ലാതെ ബാധിച്ചിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സയനോര.
ഇതൊക്കെ മൂലം ഒരു വെളുത്ത കുട്ടിയ്ക്ക ജന്മം നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അവര്‍ പറയുന്നു. പ്രസവത്തിന് ശേഷം തന്റെ ഡോക്ടറോട് ആദ്യം ചോദിച്ചത് കുഞ്ഞിന്റെ നിറത്തിനെ കുറിച്ചായിരുന്നു. അന്ന് കുഞ്ഞ് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പോലും ചോദിച്ചിരുന്നില്ല. ഇന്ന് പിന്നിലേയ്ക്ക് നോക്കുമ്പോള്‍ തനിക്ക് തന്നോട് തന്റെ സഹതാപം തോന്നുന്നു എന്നാണ് സയനോര പറയുന്നത്. കൗമാരക്കാരിയായ പെണ്‍കുട്ടികള്‍ തന്റെ ശരീരത്തെക്കുറിച്ച് അഭിമാനിക്കണം. എന്റെ പെണ്‍കുഞ്ഞ് വളരുകയാണ്, അവള്‍ ആത്മവിശ്വാസത്തോടെയിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സയനോര യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
സൈബര്‍ ആക്രമികള്‍ക്ക് മറുപടിയുമായി മറ്റൊരു ചിത്രം പങ്കുവെച്ച് താരം എത്തിയിരുന്നു. ഷോര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രമായിരുന്നു സയനോര പങ്കുവെച്ചത്. ‘എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി’ എന്ന ഹാഷ്ടാഗോടെയാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.