വളരെ സിമ്പിളായ അടിപൊളി മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍; ഹോമിലെ അഭിനയത്തെ കുറിച്ചും ഇന്ദ്രൻസ് എന്ന അത്ഭുതനടനെ കുറിച്ചും ചാള്‍സ് ടെക്കിയായ നസ്‌ലൻ!

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നസ്‌ലന്‍. മമ്മൂട്ടിച്ചിത്രമായ മധുരരാജയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തിയ നസ്‌ലൻ ഒരുപക്ഷെ ശ്രദ്ധിക്കപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാകാം. കൗണ്ടര്‍ ഡയലോഗുകളുടെ ഉസ്താദായിട്ടാണ് യുവ കലാകാരനെ മലയാളികൾ ഏറ്റെടുത്തത്.

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കഥ പറഞ്ഞ കുരുതിയിലും സ്‌നേഹത്തിന്റെ പര്യായമായ ഹോമിലും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയമാണ് നസ്‌ലന്‍ കാഴ്ച വെച്ചത്. ഹോമിലെ ചാള്‍സ് ടെക്കിയെന്ന യൂട്യൂബ് വ്‌ളോഗറായി നസ്‌ലന്‍ ജീവിക്കുകയായിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ തന്റെ അച്ഛനായി അഭിനയിച്ച ഇന്ദ്രന്‍സിനെ കുറിച്ച് പറയുകയാണ് നസ്‌ലന്‍. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നസ്‌ലന്‍ മനസ്സു തുറക്കുന്നത്.

വളരെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ ഭാഗമായത്. ഒരുപാട് സീനിയര്‍ താരങ്ങളുണ്ട് ചിത്രത്തില്‍. ഇന്ദ്രന്‍സ് ചേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യുന്നു എന്നത് ഏറെ ആവേശമുണര്‍ത്തിയ കാര്യമായിരുന്നു. വളരെ സിമ്പിളായ അടിപൊളി മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍,’ എന്നാണ് നസ്‌ലന്‍ പറയുന്നത്.

പടത്തിന്റെ പേര് പോലെ തന്നെ വീടിന്റെ അന്തരീക്ഷമായിരുന്നു ഷൂട്ടിംഗ് സെറ്റിലെന്നും നസ്‌ലന്‍ പറയുന്നു. അച്ഛന്റെ സ്ഥാനത്ത് ഇന്ദ്രന്‍സേട്ടനും അമ്മയുടെ സ്ഥാനത്ത് മഞ്ജു ചേച്ചിയും ചേട്ടനായി ഭാസിയേട്ടനും സംവിധായകനായ റോജിന്‍ ചേട്ടനും മറ്റുള്ളവരും ചേര്‍ന്ന് അടിപൊളി അന്തരീക്ഷമായിരുന്നെന്നും ഒട്ടും സമ്മര്‍ദമില്ലാതെയാണ് അഭിനയിച്ചതെന്നും നസ്‌ലന്‍ കൂട്ടിച്ചേര്‍ത്തു.

കുരുതിയിലെയും ഹോമിലെയും പ്രകടനം ഏറെ പേര്‍ ശ്രദ്ധിച്ചെന്നും ഇപ്പോള്‍ ആളുകള്‍ തന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുകയാണെന്നും നസ്‌ലന്‍ പറയുന്നു

‘ഒരുപാട് പേര് ഇന്ന് നമ്മളെ ഇഷ്ടപെടുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ സന്തോഷമാണ്. ഞാനിതൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ്.

ഇന്ന് നമ്മളെ കാണുമ്പോള്‍ ആളുകള്‍ അടുത്തേക്ക് വരുന്നു വിശേഷങ്ങള്‍ തിരക്കുന്നു, ഫോട്ടോയെടുക്കുന്നു. ഇതെല്ലാം പലരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്,’ നസ്‌ലന്‍ പറഞ്ഞു.

about naslan

Safana Safu :