സ്റ്റീഫന്‍ നെടുമ്പള്ളിയെന്നും ഖുറേഷി അബ്രാമെന്നും പേരുള്ള കഥാപാത്രമായി മോഹന്‍ലാല്‍ തകര്‍ത്താടിയ സിനിമയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ. ചിത്രത്തിൽ സയീദ് മസൂദ് എന്ന കഥാപാത്രത്തെയായിരുന്നു പൃഥ്വി അവതരിപ്പിച്ചത്. ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ എമ്പുരാന്‍ എന്ന രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. എമ്പുരാന് മുന്‍പ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍.
ലൂസിഫര്‍ സിനിമയില്‍ അബ്രാം ഖുറേഷി ഉപയോഗിച്ചിരുന്ന കൂളിംഗ് ഗ്ലാസ് ഇപ്പോൾ ഇതാ പൃഥ്വിരാജിന് സമ്മാനമായി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.
ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഈ വിവരം പങ്കുവെച്ചത്. ഇതോടെ കണ്ണയുടെ വില തിരയുകയാണ് ആരാധകര്‍. ഈ കണ്ണട തരുമോ എന്ന് ചോദിച്ചും ചില ആരാധകര്‍ എത്തിയിട്ടുണ്ട്. ഇതോടെ ഇത് ഉണ്ണി മുകുന്ദന്‍ അല്ല എന്ന കമന്റുകളും എത്തുന്നുണ്ട്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസായ ചിത്രമാണ് ലൂസിഫര്‍. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍, ടൊവിനോ, വിവേക് ഒബ്‌റോയ്, ബൈജു, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഷാജോണ്‍, നൈല ഉഷ, ഫാസില്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നത്.
അതേസമയം, ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ പേര് ഗോഡ്ഫാദര്‍ എന്നാണ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.