മയക്കുമരുന്ന് കേസ്; നടന്‍ രവി തേജയെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടൻ രവി തേജയെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി ഓഫീസിലേക്ക് നേരിട്ട് വിളിച്ച് വരുത്തിയാണ് രവി തേജയെ ചോദ്യം ചെയ്യുന്നത്. കന്നഡ, തെലുങ്ക് സിനിമാ താരങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു. നടി ചാര്‍മി കൗര്‍, തെലുങ്കു നടന് നവദീപ്, സംവിധായകന്‍ പുരി ജഗനാഥ് എന്നിവര്‍ക്ക് എതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കന്നഡ നടി അനുശ്രീ പ്രധാന മയക്കുമരുന്ന് ഇടനിലക്കാരിയെന്ന് എന്‍സിബി കണ്ടെത്തി.

2017ല്‍ തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്‍റെ അന്വേഷണമാണ് ഒടുവില്‍ തെന്നിന്ത്യന്‍ സിനിമാ റാക്കറ്റിലേക്ക് എത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് 30 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് എന്‍സിബി ഹൈദരാബാദില്‍ നിന്ന് പിടികൂടിയിരുന്നു. വിദേശികള്‍ അടക്കം 20 പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയിലാണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയത്.

എന്‍സിബിയും ഇഡിയും എസ്ഐടിയും പ്രത്യേകം കേസ് രജിസ്റ്ററാണ് അന്വേഷിക്കുന്നത്. സംവിധായകന്‍ പുരി ജഗനാഥ്, നടി ചാര്‍മ്മി എന്നിവരുടെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടികാട്ടിയാണ് എസ്ഐടി കുറ്റപത്രം. ചാര്‍മ്മി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് എസ്ഐടി കുറ്റപത്രത്തില്‍ പറയുന്നു. മുടിയുടേയും നഖത്തിന്‍റെയും രക്തത്തിന്‍റെയും സാംപിള്‍ പരിശോധനയക്ക് നല്‍കാന്‍ ചാര്‍മ്മി തയാറാകാത്തത് സംശയം ബലപ്പെടുത്തുന്നതായി എസ്ഐടി ചൂണ്ടികാട്ടി.

Noora T Noora T :