”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ… നടിക്ക് പിന്തുണയുമായി ഹരീഷ് പേരടി

ആറന്മുള വള്ളസദ്യയ്ക്ക് ഉപയോഗിക്കുന്ന പള്ളിയോടത്തില്‍ ചെരിപ്പിട്ടുകയറി ഫോട്ടോഷൂട്ട് നടത്തി എന്ന ആരോപണത്തില്‍ കഴിഞ്ഞദിവസമാണ് നടി നിമിഷ ചാലക്കുടി പെട്ടത്. ആറന്മുള ദേശം മാത്രമല്ല മുഴുവന്‍ കേരളവും ഭക്ത്യാദര പൂര്‍വ്വം പരിപാലിക്കുന്ന തിരുവാറന്മുളയപ്പന്റെ പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി അത് അശുദ്ധിയാക്കിയെന്നാണ് നിമിഷക്കെതിരെ ആരോപണം ഉയര്‍ന്നത്. എന്നാല്‍ പ്രശ്‌നത്തില്‍ താന്‍ മാപ്പുപറഞ്ഞു ചിത്രങ്ങള്‍ പിന്‍വലിച്ചുവെങ്കിലും തനിക്കെതിരെ ചിലര്‍ ഭീഷണി ഉയര്‍ത്തുകയാണെന്ന് നിമിഷ ചാലക്കുടി പറഞ്ഞിരുന്നു

ഇപ്പോൾ ഇതാ നടിക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

”അറിയാതെ പറ്റിയതാണെന്ന് ഒരു പെണ്‍കുട്ടി ആവര്‍ത്തിച്ച് പറഞ്ഞിട്ടും…പുരോഗമന കേരളത്തിലെ ഹിന്ദു താലിബാന്‍ അവള്‍ക്ക് മാപ്പ് കൊടുക്കില്ലത്രേ.. സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?.. അതോ?… തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാന്‍ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമ്മോണ്‍” എന്നാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി വരുന്ന തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നവരാണ് പള്ളിയോടങ്ങള്‍. ഈ പള്ളിയോടങ്ങള്‍ സൂക്ഷിക്കുന്ന പള്ളിയോടപ്പുരകളില്‍ പോലും പാദരക്ഷകള്‍ ഉപയോഗിക്കില്ല. ഒരു ക്ഷേത്രത്തിന് തുല്യമായ വിശുദ്ധിയോടെ ഒരു ജനത പരിപാലിക്കുന്ന പള്ളിയോടത്തില്‍ അനുവാദമില്ലാതെയും ഷൂസ് ധരിച്ചും നിമിഷ കയറി എന്നായിരുന്നു ഉയര്‍ന്ന പരാതി

ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതോടെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നതെന്നും നിമിഷ പറയുന്നു

കൊല്ലുമെന്നുള്ള ഭീഷണിയും തെറിവിളിയുമാണ്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് ഭീഷണി. ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാരം കേട്ടാല്‍ തന്നെ സ്റ്റേഷനില്‍ നിന്നല്ലെന്ന് മനസ്സിലായി. സ്റ്റേഷനില്‍ നിന്നാണെന്നും മാധ്യമങ്ങളില്‍ നിന്നാണെന്നും പറഞ്ഞ് വിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്.

ഷൂട്ടിനായി പോയപ്പോള്‍ ആണ് ഷെഡ്ഡില്‍ വള്ളം കിടക്കുന്നത് കണ്ടത്. പലകയെല്ലാം പോയ നിലയിലായിരുന്നു വള്ളം. ഇതില്‍ കയറാന്‍ പാടില്ലെന്നോ, ചെരുപ്പ് ഇട്ട് കയറരുത്, സ്ത്രീകള്‍ അതില്‍ കയറരുതെന്നോ അറിയിപ്പ് നല്‍കുന്ന ഒരു വിവരവും അവിടെ ഉണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വള്ളം പോലെയാണ് തോന്നിയത്. ഇത് ഉപയോഗിക്കാറില്ലെന്നും പഴയ വള്ളമാണ്, പുതിയത് പണിയുകയാണെന്നുമാണ് പറഞ്ഞുകേട്ടത്.

മൂന്നുനാല് വട്ടം തിരുവല്ല പൊലീസ് സ്റ്റേഷന്റെ നമ്പര്‍ എടുത്ത് വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുക്കുന്നില്ല. പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേയ്ക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ അത് ചെയ്യുമായിരുന്നില്ല. മതവും വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് താന്‍. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല എന്നും നിമിഷ പറഞ്ഞു.

Noora T Noora T :