“മമ്മൂട്ടി” എന്നോ “മമ്മുക്ക” എന്നോ അല്ല “സാഹിബേ” എന്നാണ് വിളിച്ചിരുന്നത്; മമ്മൂട്ടിയുമായുള്ള ഓർമ്മകൾ പങ്കിട്ട് റാണി ശരൺ കുറിച്ച മനോഹരമായ കുറിപ്പ് !

മലയാള സിനിമയുടെ നായകാ വസന്തം, ഈ നടന് മുന്നിൽ പ്രായം തോറ്റുപോകും , അതാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സപ്തതിയാണ് 2021 സെപ്റ്റംബർ ഏഴിന്‌. നിരവധി ആശംസകള്‍ ആണ് സോഷ്യൽമീഡിയ വഴി ഒരാഴ്ച മുന്നേ തൊട്ട് മമ്മൂട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരങ്ങളും ആരാധകരും അടക്കം നിരവധിപേരാണ് സോഷ്യൽമീഡിയയിൽ അദ്ദേഹത്തിന് ആശംസാ കുറിപ്പുകള്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ നടൻ ശരൺ പുതുമനയുടെ ഭാര്യയുടെ വാക്കുകൾ ആണ് സോഷ്യൽമീഡിയഏറ്റെടുത്തിരിക്കുന്നത്. റാണി ശരണിന്റെ വാക്കുകൾ ഇങ്ങനെ,

“ഇന്ന് സിനിമാ പ്രേമികൾക്ക്,പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ മധുരം ഉള്ള ഒരു ദിവസം ആണ്.മലയാളത്തിൻ്റെ സുന്ദരപുരുഷൻ മമ്മുക്ക 70 നെ തിരുമധുരം നുണയുന്ന ദിവസം. പുറമേ പരുക്കൻ എങ്കിലും ഉള്ളു നിറയെ സ്നേഹവും കരുതലും ഉള്ള ഒരു മൃദുമനസ്ക്കൻ ആയി അദ്ദേഹത്തെ അടുത്തറിയാവുന്ന ഒരു പാട് പേർ പറയാറുണ്ട്.അത്രയും പറയാൻ മാത്രം അദ്ദേഹത്തെ അടുത്തറിയാൻ ഭാഗ്യം കിട്ടിയിട്ടുള്ള ഒരാൾ അല്ല ഞാൻ..

ഉള്ള കുറച്ച് ഓർമ്മകൾ സ്നേഹത്തണുപ്പ് ഉള്ളതാണ്.അതിൽ ഒന്നാണ് എംടിവിഎ പ്രതിഭാ പുരസ്ക്കാര സമർപ്പണം.അതിൽ ഏട്ടന് ശരൺ പുതുമന അവാർഡ് ഉണ്ടായിരുന്നു.കൂടാതെ അച്ഛൻ അവിടെ ഒരു അതിഥി ആയിരുന്നു. അച്ഛൻ്റെ (മഞ്ചേരി ചന്ദ്രൻ) അവസാനത്തെ സിനിമാ സംബന്ധിയായ പരിപാടി ആയിരുന്നു അത്.അത് അച്ഛന് ഏറെ ഇഷ്ടമുള്ള മമ്മൂക്കയ്ക്ക് ഒപ്പം ആയത് സന്തോഷം . റഹിം അങ്കിൾ ആയിരുന്നു അതിൻ്റെ സംഘാടകൻ.പൊതുവേ എല്ലാത്തിൽ നിന്നും അകന്ന് ഒതുങ്ങി കൂടിയിരുന്ന അച്ഛനെ പറ്റുന്നത്ര സജീവമാക്കാൻ അങ്കിൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.

ഞാൻ അന്നാണ് മമ്മൂക്കയെ ആദ്യമായി അടുത്ത് കാണുന്നത്. കണ്ണെടുക്കാതെ കണ്ടിരുന്നു പോയി എന്ന് പറയുന്നതാവും ശരി.അച്ഛൻ എപ്പോഴൊക്കെ അദ്ദേഹവുമായി സമയം ചിലവിട്ടിട്ടുണ്ടോ അപ്പോഴൊക്കെ എനെർജൈസ്ഡ് ആയി കണ്ടിട്ടുണ്ട്.അച്ഛൻ അദ്ദേഹത്തെ “മമ്മൂട്ടി” എന്നോ “മമ്മുക്ക” എന്നോ അല്ല “സാഹിബേ” എന്നാണ് വിളിച്ചിരുന്നത്. എപ്പോ കണ്ടാലും ഒരു അര മണിക്കൂർ എങ്കിലും ഒരുമിച്ചിരുന്ന് സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തും എന്നത് അച്ഛനിലെ പഴയ കാല നടനെ ഏറെ സന്തോഷിപ്പിച്ചിരുന്നു.ഇതൊക്കെ മനസ്സിൽ ഉള്ളത് കൊണ്ട് ഞാൻ പരിപാടി കഴിഞ്ഞപ്പോ അച്ഛനോട് ഒരു ആഗ്രഹം പറഞ്ഞു,

എനിക്ക് മമ്മുക്കയുടെ കയ്യിൽ ഒന്ന് തൊടണം.” അദ്ദേഹത്തോട് അച്ഛൻ എന്നെ പരിചയപ്പെടുത്തിയിട്ട് പറഞ്ഞു, “സാഹിബേ,മോൾക്ക് നിങ്ങൾടെ കയ്യിൽ ഒന്ന് തൊടണം.”സ്വതസിദ്ധമായ ആ ചിരിയോടെ ,”അതിനെന്താ? ഇതാ തൊട്ടോ” എന്ന് പറഞ്ഞ് അദ്ദേഹം കൈ എൻ്റെ നേരെ നീട്ടി.മനസ്സ് 100 വട്ടം പൂവിട്ടു ആരാധിച്ച അനേകമനേകം വേഷപ്പകർച്ചകൾ ആവാഹിച്ച ആ പച്ച മനുഷ്യൻ തെളിഞ്ഞ ചിരിയും നീട്ടിയ കൈയ്യുമായി ഇതാ മുന്നിൽ നിൽക്കുന്നു.”മ്മ്’… എന്ന അദ്ദേഹത്തിൻ്റെ ഉറപ്പിൽ ഞാൻ എൻ്റെ കൈകളിൽ ആ കൈ പിടിച്ച് രണ്ടു കണ്ണിലും ചേർത്തു,ഒരു പ്രാർത്ഥന പോലെ.”സന്തോഷായോ,ഞാൻ ചെല്ലട്ടെ”, എന്ന് പറഞ്ഞ് തോളിൽ ഒന്ന് കൈ വെച്ച് ആ മനുഷ്യൻ നടന്നു നീങ്ങി.

പിന്നീട് അദ്ദേഹത്തെ കുറച്ചു വർഷങ്ങൾക്ക് ശേഷം “മഴവില്ലഴകായ് അമ്മ” എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിൽ ആണ് കണ്ടത്. അദ്ദേഹം നോക്കുന്നുണ്ടായിരുന്നു.പക്ഷേ അടുത്ത് ചെല്ലാൻ ഒരു സങ്കോചം.മറ്റു സുഹൃത്തുക്കളോടും പരിചയക്കാരോടും എല്ലാം സംസാരിച്ച് പോരാൻ നേരം മനസ്സ് സമ്മതിക്കാതെ അടുത്ത് ചെന്നു.തെളിഞ്ഞ ചിരിയാണ് ആദ്യം കിട്ടിയത്.

ഓർമ്മിപ്പിക്കാൻ മുതിർന്നപ്പോൾ “എനിക്ക് മനസ്സിലായി. അതാ ഞാൻ നോക്കിയത്” എന്ന് പറഞ്ഞു അദ്ദേഹം. ഇപ്പോൾ മനോരമയിൽ ആണോ എന്ന് ചോദിച്ചു. ഫ്രീലാൻസ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ അതെയോ എന്ന് ചോദിച്ച് അമ്മയെക്കുറിച്ചും ഏട്ടനെ പറ്റിയും മറ്റു വിശേഷങ്ങളും അന്വേഷിച്ചു.സൗമ്യനായ ആ മനുഷ്യൻ സ്വയം രാകി മിനുക്കി തിളക്കമേറി 70ൻ്റെ യൗവ്വനത്തിൽ എത്തി നിൽക്കുന്നു…ഇനിയും ഏറെ കഥാപാത്രങ്ങൾ പകർന്നാടി ജൈത്രയാത്ര തുടരാൻ അത്യധ്വാനി ആയ ആ വലിയ നല്ല മനുഷ്യന് സാധിക്കട്ടെ എന്ന പ്രാർത്ഥനകളോടെ ആയുരാരോഗ്യ സൗഖ്യം നേരുന്നു,.

about mammooty

Safana Safu :