സൈമ അവാര്‍ഡ്‍സ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; നെഞ്ചിടിപ്പോടെ സിനിമ പ്രേമികൾ

സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡിന്‍റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 2019, 2020 വര്‍ഷങ്ങളിലെ നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടന്നിരുന്നില്ല. വിവിധ വിഭാഗങ്ങളില്‍ പോയ രണ്ട് വര്‍ഷങ്ങളിലുള്ള നാല് തെന്നിന്ത്യന്‍ ഭാഷകളിലെയും നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18, 19 തീയതികളിലാണ് അവാര്‍ഡ് നൈറ്റ് നടക്കുക.

മികച്ച ചിത്രം, സംവിധാനം, നടന്‍, നടി, സഹനടന്‍, സഹനടി, സംഗീത സംവിധാനം, പാട്ടെഴുത്ത്, ഗായകന്‍, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടന്‍, പുതുമുഖ നടി, നവാഗത സംവിധായകന്‍, നവാഗത നിര്‍മ്മാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.

ഇതില്‍ മികച്ച ചിത്രത്തിനുള്ള 2020ലെ നോമിനേഷന്‍ നേടിയിരിക്കുന്നത് അയ്യപ്പനും കോശിയും, സി യു സൂണ്‍, അഞ്ചാം പാതിരാ, ട്രാന്‍സ് എന്നീ ചിത്രങ്ങളാണ്. മികച്ച നടനുള്ള അതേ വര്‍ഷത്തെ നോമിനേഷന്‍ പൃഥ്വിരാജ് (അയ്യപ്പനും കോശിയും), ഫഹദ് ഫാസില്‍ (ട്രാന്‍സ്/സി യു സൂണ്‍), ടൊവീനോ തോമസ് (ഫോറന്‍സിക്), ബിജു മേനോന്‍ (അയ്യപ്പനും കോശിയും), കുഞ്ചാക്കോ ബോബന്‍ (അഞ്ചാം പാതിരാ) എന്നിവര്‍ക്കാണ്. മികച്ച നടിക്കുള്ള നോമിനേഷന്‍ അന്ന ബെന്‍ (കപ്പേള), മംമ്ത മോഹന്‍ദാസ് (ഫോറന്‍സിക്), ദര്‍ശന രാജേന്ദ്രന്‍ (സി യു സൂണ്‍), ശോഭന (വരനെ ആവശ്യമുണ്ട്), അനുപമ പരമേശ്വരന്‍ (മണിയറയിലെ അശോകന്‍) എന്നിവര്‍ക്കാണ്.

2019ലെ മികച്ച മലയാള സിനിമയ്ക്കുള്ള നോമിനേഷനില്‍ ലൂസിഫര്‍, ഉയരെ, ജല്ലിക്കട്ട്, ഉണ്ട, കുമ്പളങ്ങി നൈറ്റ്സ് എന്നിവ ഇടംപിടിച്ചു. മോഹന്‍ലാല്‍ (ലൂസിഫര്‍), ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവര്‍ക്കാണ് മികച്ച നടനുള്ള നോമിനേഷനുകള്‍. മികച്ച നടിക്കുള്ള നോമിനേഷന്‍ പാര്‍വ്വതി (ഉയരെ), അന്ന ബെന്‍ (ഹെലെന്‍), രജിഷ വിജയന്‍ (ജൂണ്‍), നിമിഷ സജയന്‍ (ചോല), മഞ്ജു വാര്യര്‍ (പ്രതി പൂവന്‍കോഴി, ലൂസിഫര്‍) എന്നിവര്‍ നേടി.

Noora T Noora T :