ഇന്ത്യന്‍ സിനിമയിലെ തന്നെ സൗന്ദര്യമാണ് ഐശ്വര്യ റായ്. തമിഴിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് ബോളിവുഡിന്റെ താരസുന്ദരിയായി മാറിയ താരമാണ് ഐശ്വര്യ. ഇന്നും തന്റെ താരപ്രഭയ്ക്ക് യാതൊരു മങ്ങലും വരുത്താതെ വിജയയാത്ര തുടരുകയാണ്. സ്‌ക്രീനില്‍ ഐശ്വര്യയെ ഒരു നോക്ക് കാണാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അഭിനയത്തിലേക്ക് എത്തും മുമ്പ് ഐശ്വര്യ മോഡലിംഗിലും ഫാഷന്‍ രംഗത്തുമെല്ലാം സജീവമായിരുന്നു. ലോകസുന്ദരി പട്ടം അടക്കം നേടി രാജ്യത്തിന് അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായ്.
1994ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് സൗന്ദര്യ മത്സരത്തില്‍ ഐശ്വര്യ താരമായി മാറുന്നത്. സുസ്മിത സെന്നിനായിരുന്നു അന്ന് മിസ് ഇന്ത്യ പട്ടം നല്‍കിയത്. പിന്നീട് ഐശ്വര്യ ലോകസുന്ദരിയായി മാറുകയായിരുന്നു. പക്ഷെ മിസ് വേള്‍ഡ് മത്സരത്തിനിറങ്ങുമ്പോള്‍ ഐശ്വര്യയ്ക്ക് കാര്യമായ പ്രതീക്ഷകളുണ്ടായിരുന്നില്ല. മിസ് ഇന്ത്യ മത്സരത്തിന്റെ അനുഭവമായിരുന്നു അതിന് കാരണം. ഇതേക്കുറിച്ച് ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ…
”എല്ലാ സൂചനകളും മിസ് ഇന്ത്യ മത്സരത്തിലേത് പോലെ തന്നെയായിരുന്നു. എല്ലാം ഒരുപോലെ തന്നെ. എന്നില്‍ നിന്നും ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ഇത് തന്നെ അവിചാരിതമായി മിസ് വേള്‍ഡ് മത്സരത്തിലും സംഭവിച്ചു. യാതൊരു മുന്‍പരിചയവുമില്ലാതെയാണ് ചെല്ലുന്നത്. ആരും വിധിക്കാനില്ല. രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഒരു മാസത്തിനകം തന്നെ ഞാന്‍ പ്രശസ്തയായി. വിജയ സാധ്യത കല്‍പ്പിക്കുന്ന മത്സരാര്‍ത്ഥിയായി മാറുകയായിരുന്നു. വീണ്ടും ഇത് തന്നെ എനിക്ക് സംഭവിക്കുമോ എന്ന് ഞാന്‍ ഭയന്നു” ഐശ്വര്യ പറയുന്നു.
സമാനമായ രീതിയില്‍ മിസ് ഇന്ത്യ മത്സരത്തിലും എല്ലാവരുടേയും പ്രതീക്ഷ ഐശ്വര്യ വിജയിക്കുമെന്നായിരുന്നു. എന്നാല്‍ ഐശ്വര്യയെ പിന്നിലാക്കി സുസ്മിത മിസ് ഇന്ത്യയായി മാറുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരേയും എതിരാളികളാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ”ഞാന്‍ മിസ് ഇന്ത്യ മത്സരത്തിന് പുറപ്പെടും മുമ്പ് എന്റെ ഫൈനല്‍ ഗൗണിന്റെ സിപ്പര്‍ പൊട്ടിയിരുന്നു. ഇതൊക്കെ ചെറിയ കാര്യമാണ്, ഞാന്‍ അന്ധ വിശ്വാസിയുമൊന്നുമല്ല. സിപ്പര്‍ പൊട്ടിയതിനാല്‍ ഡിസൈനര്‍ ഗൗണുമായി ഗോവയിലേക്ക് എത്തുകയായിരുന്നു. ഇത് തന്നെ മിസ് വേള്‍ഡ് മത്സരത്തിലും സംഭവിച്ചു” ഐശ്വര്യ പറയുന്നു.
”ഞാന്‍ യാത്രയാകുന്ന അവസാന ദിവസമായിരുന്നു സംഭവം. ഫൈനല്‍ ട്രയലില്‍ സിപ്പര്‍ പൊട്ടി. എല്ലാം വീണ്ടും ശരിയാക്കേണ്ടി വന്നു. ഇവിടേയും മഴ പെയ്തു. അവിടേയും മഴ പെയ്തു. ഇതെന്താണ് ഇങ്ങനെയെന്ന് ആലോചിച്ച് ഞാന്‍ അമ്പരന്നു പോയി” എന്നും ഐശ്വര്യ പറയുന്നു. എന്നാല്‍ തന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഐശ്വര്യ മിസ് വേള്‍ഡ് വിജയിയായി മാറുകയായിരുന്നു. യുക്ത മൂക്കേ, ഡയാന ഹെയ്ഡന്‍, റേയ്റ്റ ഫറിയ, മാനുഷി ചില്ലര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് ലോക സുന്ദരിമാരായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അതേസമയം അതേവര്‍ഷം തന്നെ മിസ് യൂണിവേഴ്‌സായി സുസ്മിതയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയ്ക്കിത് ഇരട്ടി നേട്ടമായി മാറുകയായിരുന്നു.
about aiswarya rai