സൂപ്പര്‍ താരങ്ങള്‍ മാത്രമാണ് അതിസമ്പന്നര്‍, അവരാണ് സിനിമയെ ഭരിക്കുന്നത് ; സിനിമ മേഖലയില്‍ 90 ശതമാനം പേരും പട്ടിണിക്കാർ ; തുറന്നുപറച്ചിലുമായി ശ്രീകുമാരന്‍ തമ്പി!

ക്യാമറയ്ക്ക് മുന്നിൽ കാണുന്ന താരങ്ങളെയെല്ലാം പ്രേക്ഷകർ ഏറെ തിളക്കത്തോടെയാണ് കാണുന്നത്. എന്നാൽ, സിനിമയില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും പട്ടിണിക്കാരാണെന്ന് തുറന്ന് പറയുകയാണ് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. സൂപ്പര്‍ താരങ്ങളും അതുപോലുള്ള ചിലരും മാത്രമാണ് അതിസമ്പന്നരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന മഴമിഴി മള്‍ട്ടിമീഡിയ സ്ട്രീമിങ്ങിന്റെ കര്‍ട്ടന്‍ റൈസര്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി സജി ചെറിയാനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമ ഒരു തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണെന്നും ലൈറ്റ് ബോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടുന്ന വരുമാനം തുച്ഛമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

”സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്കൊപ്പം നില്‍ക്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് സിനിമ ഭരിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സത്യം തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് 55 വര്‍ഷമായി സിനിമയിലുണ്ടായിട്ടും ഇന്നും ദരിദ്രനായി തുടരുന്നതെന്നും അഭിമാനമുള്ളത് കൊണ്ട് ആരുടെ മുന്നിലും കൈനീട്ടാറില്ലെന്നും മഴമിഴി ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പ്രയാസമനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിയാണ് മഴമിഴി. സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നടന്‍ നെടുമുടി വേണുവും ചേര്‍ന്നായിരുന്നു ചടങ്ങിന്റെ പ്രകാശനം നിര്‍വഹിച്ചത്.

about sreekumaran thambi

Safana Safu :