മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് കന്നഡ സിനിമാതാരവും മോഡലുമായ കാവ്യ എം ഷെട്ടി. ഇപ്പോഴിതാ ‘ബ്രോ ഡാഡി’ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജിനൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്.
മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള ചിത്രത്തിന്‍റെ ഭാഗമാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാവ്യ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘താങ്കള്‍ക്കൊപ്പം ജോലി ചെയ്യുന്നത് മനോഹരമായ അനുഭവമാണെ’ന്നാണ് പൃഥ്വിരാജിനെ ടാഗ് ചെയ്‍തുകൊണ്ട് പോസ്റ്റ് ചെയ്‍ത ചിത്രത്തിനൊപ്പമുള്ള കുറിപ്പ്. തന്‍റെ കഥാപാത്രത്തെക്കുറിച്ച് ഏറെയൊന്നും പറയുന്നില്ലെങ്കിലും കഥാപാത്രത്തിന്‍റെ പേര് കാവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. “ക്യൂട്ട് ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. സൂസന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഒരു പുതിയ ഇന്‍ഡസ്ട്രിയിലേക്കുള്ള യാത്ര എങ്ങനെയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഞാന്‍ എന്ന് ഒരു അഭിമുഖത്തില്‍ കാവ്യ ഷെട്ടി പറഞ്ഞിരുന്നു.
ഫാഷന്‍ മോഡല്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ച കാവ്യ ഷെട്ടി 2011ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തില്‍ മത്സരാര്‍ഥിയായിരുന്നു. പിന്നീട് പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കുള്ള അവസരം തുറക്കുന്നത്.
2013ല്‍ പുറത്തെത്തിയ കന്നഡ ചിത്രം ‘നാം ദുനിയ നാം സ്റ്റൈല്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. എ എല്‍ വിജയ്‍യുടെ ‘ഇത് എന്ന മായം’ എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. സത്യദേവ് നായകനാവുന്ന തെലുങ്ക് ചിത്രം ‘ഗുര്‍തുണ്ട സീതാകാലം’ പൂര്‍ത്തിയാക്കിയിട്ടാണ് കാവ്യ ഷെട്ടി ബ്ര ഡാഡിയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്‍തിരിക്കുന്നത്.