ബാഷയിലെ ആ വേഷം ചെയ്യാനിരുന്നത് മമ്മൂട്ടിയായിരുന്നു; ആ ഒരു കാരണം കൊണ്ട് മമ്മൂക്കയെ ഒഴുവാക്കി; വെളിപ്പെടുത്തലുമായി നടന്‍ ചരണ്‍ രാജ് !

ഇന്നും മലയാളികൾ ഉൾപ്പടെ ആഘോഷിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും ഹിറ്റായ ചിത്രങ്ങളിലൊന്നാണ് ബാഷ. 1995ലിറങ്ങിയ ബാഷയിലെ രജനികാന്തിന്റെ ഡയലോഗുകള്‍ക്കും ആക്ഷനുമെല്ലാം ഭാഷാ ഭേതമന്യേ ഇന്നും ആരാധകരേറെയാണ്.

രജനികാന്ത് അവതരിപ്പിച്ച നായക കഥാപാത്രമായ ബാഷക്കൊപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ചരണ്‍ രാജ് അവതരിപ്പിച്ച ബാഷയുടെ സുഹൃത്തായ അന്‍വറും ഇത്തരത്തില്‍ ശ്രദ്ധ നേടിയ നടനായിരുന്നു. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ചരണ്‍ രാജ്.

അന്‍വറിനായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെന്നും പിന്നീടാണ് ആ വേഷം തനിക്ക് ലഭിക്കുന്നതെന്നും ചരണ്‍ പറഞ്ഞു. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അത് മമ്മൂട്ടി ചെയ്യാനിരുന്ന കഥാപാത്രമായിരുന്നെന്ന് രജനി സാര്‍ എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് അവര്‍ രണ്ട് പേരും ദളപതിയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നല്ലോ. അതുകൊണ്ട് പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു,’ ഇങ്ങനെയാണ് തനിക്ക് അന്‍വറാകാന്‍ അവസരം ലഭിച്ചതെന്നാണ് ചരണ്‍ രാജ് പറയുന്നത്.

ആ വേഷത്തിന് ഏറെ അഭിനന്ദനം ലഭിച്ചുവെന്നും പ്രേക്ഷകര്‍ ഏറ്റെടുത്ത വേഷമായിരുന്നു അതെന്നും ചരണ്‍ പറയുന്നുണ്ട്. സിനിമയില്‍ അധിക നേരമൊന്നും താന്‍ കടന്നുവരുന്നില്ലെങ്കിലും ജനങ്ങള്‍ ആ വേഷം ഇന്നും ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാഷയില്‍ അന്‍വറിന്റെ മരണമാണ് സിനിമയുടെ ഗതി മാറ്റിമറിക്കുന്നത്. മാണിക്യത്തില്‍ നിന്നും മാറി, ബാഷ എന്ന ഡോണിന്റെ പിറവിക്ക് തന്നെ കാരണമാകുന്നത് ഈ മരണമാണ്.

ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ മാര്‍ക്ക് ആന്റണിയുടെ ഗുണ്ടകളെ മാണിക്കവും അന്‍വറും ചേര്‍ന്ന് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അന്‍വര്‍ കൊല്ലപ്പെടുന്നതാണ് കഥ. അന്‍വറിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ മാണിക്യം തയ്യാറാകുന്നതും തുടര്‍ന്നുള്ള ഭാഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിച്ച സീനായിരുന്നു.

about mammootty

Safana Safu :