എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു! പ്രിയസുഹൃത്ത് നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്

ചലച്ചിത്ര നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായിരുന്ന പ്രിയസുഹൃത്ത് നൗഷാദിന് ആദരാഞ്ജലികളുമായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ്.

“അത്രയും പ്രിയപ്പെട്ട എന്‍റെ നൗഷുമോൻ യാത്രയായി.. ഷീബയുടെ അടുത്തേക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ… പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്വ മോളെ ചേർത്തു പിടിച്ചു കൊള്ളും…”, ആന്‍റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 8.30ന് ആയിരുന്നു അന്ത്യം. ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.

നിര്‍മ്മാതാവ് എന്നതിനൊപ്പം പാചക വിദഗ്‍ധനും കാറ്ററിംഗ് സര്‍വ്വീസ് ഉടമയുമായിരുന്നു നൗഷാദ്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന നൗഷാദ് ‘ബിഗ് ഷെഫ്’ നൗഷാദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ‘നൗഷാദ് ദി ബിഗ് ഷെഫ്’ എന്ന പേരിലായിരുന്നു സ്വന്തം കാറ്ററിംഗ്, റെസ്റ്റോറന്‍റ് ശൃംഖലയും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. ചിത്രം സാമ്പത്തിക വിജയം നേടിയതിനൊപ്പം അഞ്ച് സംസ്ഥാന പുരസ്‍കാരങ്ങളുള്‍പ്പെടെ നിരവധി അവാര്‍ഡുകളും നേടി.

മുന്‍നിര താരങ്ങളും സംവിധായകരുമുള്ള വലിയ പ്രോജക്റ്റുകളാണ് നൗഷാദ് പിന്നീടും ഒരുക്കിയത്. രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ ‘ലയണും’ ലാല്‍ജോസിന്‍റെ ‘സ്‍പാനിഷ് മസാല’യും. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രം. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളായിരുന്നു.

Noora T Noora T :