ഇന്ദ്രൻസ്, മഞ്ജുപിള്ള എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഓണത്തോട് അടുപ്പിച്ച് ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസിനെത്തിയത്.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലന്‍, കൈനകരി തങ്കരാജ് തുടങ്ങി നിരവധി താരങ്ങൾ ഒന്നിച്ച ചിത്രം പ്രേക്ഷകരുടെ മനസ്സ് നിറച്ച ചിത്രമെന്നാണ് ഏവരും വാഴ്ത്തുന്നത്.
സിനിമപോലെ തന്നെ അതിലെ കഥാപാത്രങ്ങളെയും ഏവരും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇപ്പോഴിതാ, യഥാര്‍ത്ഥ കുട്ടിയമ്മയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി മഞ്ജുപിള്ള.
അത് മറ്റാരുമല്ല സംവിധായകന്‍ റോജിൻ തോമസിന്‍റെ അമ്മ റോസമ്മയാണ്. റോസമ്മയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. യഥാർത്ഥ കുട്ടിയമ്മയോടൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്‍റുകളും ചിത്രത്തിന് താഴെ ലഭിച്ചിട്ടുണ്ട്.
രണ്ട് കുട്ടിയമ്മമാർ ഒരുമിച്ച് നിൽക്കുന്നു, എന്താ അഭിനയം ഒന്നും പറയാനില്ല, പെർഫെക്ട് കാസ്റ്റിംഗ്, രണ്ടുപേരും ഒരുപോലെ അതാണ് ഈ സിനിമയുടെ വിജയം, മഞ്ജുചേച്ചി അവരുടെ തനിപ്പകർപ്പാണ് തുടങ്ങി നിരവധി കമന്‍റുകളാണ് ലഭിച്ചിട്ടുള്ളത്.