എത്ര വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഇന്ദ്രന്‍സ് നല്ലൊരു അഭിനേതാവാണെന്ന് തിരിച്ചറിഞ്ഞിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി എടുത്തതിന് പിന്നാലെ വേറിട്ട കഥാപാത്രങ്ങളാണ് ലഭിച്ചത്. ഓരോന്നും ഒന്നിനൊന്ന് മികച്ചതെന്ന് പറഞ്ഞ് വരുന്നതിനിടയിലാണ് ഹോം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.
ഇപ്പോൾ ഇതാ നിർമാതാവ് എൻ.എം. ബാദുഷ ഇന്ദ്രൻസിനെ കുറിച്ച് ഒരു കുറിപ്പ് പങ്കിടുകയാണ്. രാത്രി വരെ മടി കൂടാതെ തന്റെ കഥാപാത്രം ഗംഭീരമാക്കിയിട്ട് ഇതിന് പണം വേണ്ട, സ്നേഹം മാത്രം മതിയെന്ന് പറഞ്ഞ ഇന്ദ്രൻസിനെ കുറിച്ചാണ് അദ്ദേഹം കുറിക്കുന്നത്.
ബാദുഷയുടെ വാക്കുകൾ
ഹോമിൽ നിന്നും എന്റെ ‘മെയ്ഡ് ഇൻ കാരവാനിൽ’ വന്ന് എന്റെ സിനിമയെ പൂർണതയിൽ എത്തിച്ചു. ഇന്ദ്രൻസ് ചേട്ടാ എന്ത് പാവമാണ് നിങ്ങൾ. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റിൽ അദ്ദേഹമെത്തിയത്. എത്തിയ ഉടൻ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.
ഷൂട്ടിങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ, ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി . ആ സ്നേഹത്തിനുമുന്നിൽ എന്റെ കണ്ണുകൾ നിറഞ്ഞു പോയി.ഹോമിൽ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോൾ നേരിട്ട് വന്ന് ജീവിതത്തിൽ സ്നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രൻസ് ചേട്ടാ.