ഏതൊരു സിനിമയ്ക്കും നടനും നടിയ്ക്കും സോഷ്യൽ മീഡിയയിൽ കിട്ടുന്ന വരവേൽപ്പ് തന്നെയാണ് ട്രോളുകൾ. ആരോഗ്യപരമായ എല്ലാ ട്രോളുകളും പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ വൈറൽ ‘ചളു’ മീമുകളും കോമഡി വീഡിയോകളുമൊക്കെ ഒരുക്കി ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ശ്രീകാന്ത് വെട്ടിയാര്‍ ഒരുക്കിയിരിക്കുന്ന പുതിയ വീഡിയോയാണ് ഇത്തരത്തിൽ വൈറലാകുന്നത്. നിരവധി വിമര്‍ശനാത്മക ഹാസ്യ വീഡിയോകളുമായി സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രീകാന്ത് കെജിഎഫ് എന്ന ഹിറ്റ് കന്നഡ ചിത്രം മലയാളം സംവിധായകർ ഒരുക്കിയാൽ ഏതുരീതിയിലായിരിക്കും എന്നത് രസകരമായി അവതരിപ്പിക്കുകയാണ്.
ദിലീഷ് പോത്തൻ, ജിസ് ജോയ്, പ്രിയദർശൻ, ലാൽ ജോസ് ഇവർ കെജിഎഫ് എങ്ങനെ അവതരിപ്പിക്കുമെന്നതാണ് നർമ്മം ചാലിച്ച് ശ്രീകാന്ത് വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പോത്തേട്ടൻസ് ബ്രില്ല്യൻസ് റോക്കി ഭായിയുടെ പ്രതികാരം എന്ന പ്രതികാരം എന്ന ടൈറ്റിലിലെത്തിയാൽ ഗരുഡനെ റോക്കി ഭായിയൊതുക്കി എന്ന പാട്ടും തോക്ക് കൊണ്ട് മുട്ടപൊട്ടിക്കലും തേങ്ങ പൊട്ടിക്കലുമൊക്കെയായി ഒരു മോൺസ്റ്ററിന്‍റെ പൂണ്ടുവിളയാടലാണ് വീഡിയോയിലുള്ളത്.
ജിസ്സേട്ടൻസ് ഫീൽഗുഡ് റോക്കി സൂപ്പറും ഗരുഡ പൗർണ്ണമിയും എന്ന പേരിലെത്തി മൊത്തം ഫീൽഗുഡ് വാരിവിതറും. സത്യത്തിൽ എല്ലാവരും പാവങ്ങളാണെന്നും കൊല്ലാൻ വരുന്നവന്‍റെ ഉള്ളറിയണം എന്നൊക്കെയുള്ള ചങ്കിൽ കൊള്ളുന്ന ഡയലോഗുകളും സെന്‍റി പാട്ടുകളുമൊക്കെയായൊരു വേര്‍ഷൻ.
പ്രിയൻസ് കൺഫ്യൂഷനിൽ റോക്കികുയിലിലെ കൺഫ്യൂഷൻ സീനുകളാണ്. ഗരുഡനെ കൊല്ലാൻ റോക്കി ഭായിയെ ഏൽപ്പിക്കാൻ ജയിലിൽ കഴിയുന്ന ആൻഡ്രൂസ് നേരിടുന്ന പെടാപ്പാടുകളാണ് വീഡിയോയിലുള്ളത്. ലാൽ ജോസ് മാജിക് റോക്കി മാധവൻ എന്ന പേരിലെത്തുമ്പോൾ പ്രഭയെ കല്യാണമാലോചിച്ചെത്തുന്ന റോക്കിഭായിയും ശേഷം പ്രഭയും റോക്കിയും ചേർന്നുള്ള രണ്ടുമാസം കൂടെനിന്നാൽ എൽഡൊറാഡോ സ്വന്തമാക്കും എന്ന പാട്ടുമൊക്കെയായി ആഘോഷമാണ് വീഡിയോ.
റോക്കിഭായി എന്നും വെട്ടിയാർ അണ്ണന് രാശിയാണെന്നും ഒരു സിനിമ സംവിധാനം ചെയ്യാൻ ഉള്ള എല്ലാ യോഗ്യതയും ആയി, മിന്നാരത്തീന്നുള്ള കെജിഎഫ് ട്രാൻസ്ഫോര്‍മേഷൻ പൊളിച്ചു, റോക്കി ഭായിയാണ് വെട്ടിയാർ ജീയുടെ സ്ഥിരം വേട്ടമൃഗം തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്. സ്ക്രിപ്റ്റ്, ക്രിയേറ്റീവ് ഡയറക്ഷ ശ്രീകാന്ത് വെട്ടിയാര്‍, സംവിധാനം ശിവശങ്കർ ശിവ, ക്യാമറ ഗോകുൽ ജി കൃഷ്ണ, എഡിറ്റ്, ലിറിക്സ്, ബിജിഎം നോയൽ തോമസ് തുടങ്ങിയവരാണ് ഒരുക്കിയിരിക്കുന്നത്.
about kgf