ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി തുടങ്ങിയ നിരവധി താരങ്ങള്‍ ഒന്നിച്ച ഹോം എന്ന സിനിമ മികച്ച വിജയവുമായി മുന്നേറുകയാണ്. ആഗസ്റ്റ് 19 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. കുടുംബചിത്രമായ ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിനംപ്രതി സാങ്കേതിക വിദ്യ വികസിക്കുന്ന കാലത്ത് സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന ഒരു സാധാരണക്കാരനായ പിതാവിനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ എങ്ങനെ കുടുംബത്തിനും ജീവിതത്തിനും വില്ലനാവുമെന്ന് ഇന്ദ്രന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ച് കാണിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്.
സിനിമയ്ക്കായി ചിരിക്കുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന്റെ മുകളില്‍ ഒരു വേദന തോന്നിയെന്ന് ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ” ‘നന്നായി ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തു. പക്ഷെ അതിന്റെയൊക്കെ മുകളില്‍ എന്തോ വേദന കിടപ്പുണ്ടായിരുന്നു. എനിക്ക് തോന്നുന്നു പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന് എനിക്ക് തോന്നുന്നു. പല സാങ്കേതികവിദ്യകളും എനിക്കറിയില്ല. അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ലെന്ന് ഇന്ദ്രൻസ് പറയുന്നു
അതേസമയം സംവിധായകൻ റോജിന് തോമസിന് അഭിനന്ദനവുമായി ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് കഴിഞ്ഞ ദിവസം എത്തിയിരുന്നു.
സംവിധായകന്‍ റോജിന്‍ തോമസിന് അയച്ച വാട്സാപ്പ് സന്ദേശത്തിലാണ് ഹോം മികച്ച ചിത്രമാണെന്ന് മുരുഗദോസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഗുഡ് ഈവനിങ് ബ്രദര്‍, ഞാൻ സംവിധായകൻ എ ആർ മുരുഗദോസാണ്. താങ്കളുടെ ഹോം സിനിമ കണ്ടു. ഗംഭീരസിനിമയാണിത്, അഭിനന്ദനങ്ങള്‍ എന്നാണ് മുരുഗദോസ് റോജിന് സന്ദേശമയച്ചിരിക്കുന്നത്. ഏറെ സന്തോഷമെന്ന് കുറിച്ചാണ് റോജിൻ ഈ വാട്സാപ്പ് ചാറ്റ് ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്