‘ആധുനിക മനശാസ്ത്രത്തിലെ ലോകപ്രശസ്തമായ രണ്ട് പ്രബന്ധങ്ങള്‍ ഈ നില്‍ക്കുന്ന രാവണന്റെയാ; ഇന്ദ്രന്‍സിന്റെ ഹോമും മണിച്ചിത്രത്താഴും തമ്മിലുള്ള ബന്ധം കണ്ടെത്തി പ്രേക്ഷകർ!

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തിയ ഹോം എന്ന സിനിമയാണ് ഇന്ന് മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയം. കുറേക്കാലങ്ങൾക്കുശേഷമാണ് ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രം മലയാളികൾക്ക് കിട്ടുന്നത് എന്നാണ് പൊതു അഭിപ്രായം. ഇക്കാലത്തെ കുടുംബങ്ങളെ ഏറ്റവും സ്വാഭാവികമായും മനോഹരമായും അവതരിപ്പിച്ചിരിക്കുന്ന സിനിമയായിരിക്കുകയാണ് ഹോം.

ഇപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമായ റോജിന്‍ തോമസ് സിനിമയില്‍ ഒളിപ്പിച്ചുവെച്ച ചില രസകരമായ കാര്യങ്ങള്‍ കണ്ടെത്തുകയാണ് പ്രേക്ഷകര്‍. നിര്‍മാതാവ് കൂടിയായ വിജയ് ബാബു ഹോമില്‍ ഒരു സൈക്കോളജിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. ഈ സൈക്കോളജിസ്റ്റിന്റെ മുറിയും മണിച്ചിത്രത്താഴ് സിനിമയും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചർച്ചയാക്കുന്നത്.

വിജയ് ബാബു കഥാപാത്രത്തിന്റെ മുറിയിലെ മേശയ്ക്ക് മുകളില്‍ മൂന്ന് പുസ്തകങ്ങളിരിപ്പുണ്ട്. ആ പുസ്‌കതങ്ങളുടെ പേര്, ‘പ്രബന്ധം, ഡോ. സണ്ണി’ എന്നാണ്. ഇത് മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സണ്ണി എന്ന സെക്യാട്രിസ്റ്റ് കഥാപാത്രമായിട്ടുള്ള ബന്ധമാണ് കാണിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്.

മണിച്ചിത്രത്താഴില്‍ തിലകന്റെ കഥാപാത്രം സണ്ണി ജോസഫിനെ കുറിച്ച് പറയുമ്പോള്‍, ‘ആധുനിക മനശാസ്ത്രത്തിലെ ലോകപ്രശസ്തമായ രണ്ട് പ്രബന്ധങ്ങള്‍ ഈ നില്‍ക്കുന്ന രാവണന്റെയാ’ എന്നു പറയുന്നുണ്ട്. ഈ പ്രബന്ധങ്ങളാണ് ഇപ്പോള്‍ ഹോമില്‍ കാണുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഫോണിലും സോഷ്യല്‍ മീഡിയയിലും മുഴുകിയിരിക്കുന്ന പുതുതലമുറയും സാങ്കേതികവിദ്യയുടെ പുരോഗതിയില്‍ പിറകിലായി പോകുന്ന മുതിര്‍ന്നവരും മനുഷ്യബന്ധങ്ങളുമെല്ലാം സിനിമയില്‍ വിഷയമായിരുന്നു. ഇതിനൊപ്പം മാനസികാരോഗ്യത്തെ കുറിച്ചും ചിത്രം ചര്‍ച്ച ചെയ്തിരുന്നു.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെ അവതരിപ്പിച്ച ഇന്ദ്രന്‍സ് മികച്ച അഭിപ്രായമാണ് നേടിയത്. ഇന്ദ്രൻസിനൊപ്പം മഞ്ജു പിള്ള, നസ്‌ലന്‍, ശ്രീനാഥ് ഭാസി, ദീപ തോമസ്, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.

about malayalam film

Safana Safu :