പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്നു; ആദ്യപ്രണയം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് മോഹൻലാൽ

തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ച ആരാധകന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ രസകരമായ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

ആദ്യപ്രണയം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് താരം മനസു തുറന്നത്.

പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്‌കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് താന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും തനിക്ക് പ്രണയമാണെന്നും കോളജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും സിനിമയില്‍ വന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും ലാല്‍ പറയുന്നു.

1980ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂ’ടെയാണ് മോഹന്‍ലാല്‍ തന്റെ സിനിമാജിവിതം തുടങ്ങിയത്. ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Noora T Noora T :