പലരും ചെയ്യാന്‍ മടിക്കുന്ന വിഷയം ആഗ്രഹിച്ച രീതിയില്‍ തന്നെ പ്രേക്ഷകർ സ്വീകരിച്ചു ; മലയാള സിനിമയിലെ ഒരു വനിതാ പ്രൊഡ്യൂസര്‍ എന്ന രീതിയിലുണ്ടായ അനുഭവം തുറന്നു പറഞ്ഞ് സുപ്രിയ മേനോന്‍!

വളരെ വ്യത്യസ്തമായി മതതീവ്രത വെളിപ്പെടുത്തിയ സിനിമയാണ് കുരുതി. പലരും തുറന്നുകാട്ടാൻ മടിക്കുന്ന യാഥാർഥ്യത്തിന്റെ മുഖം. പ്രതീക്ഷിച്ചപോലെതന്നെ ആരാധകർക്കിടയിലും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു കുരുതി. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍.

കുരുതി ആളുകള്‍ ഇത്തരത്തില്‍ സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് സുപ്രിയ പറയുന്നത്. മെസ്സേജുകളായും ഫോണ്‍വിളികളായും റിവ്യൂകളായും ഒരുപാട് പ്രതികരണങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും പിന്നണിയിലുണ്ടായിരുന്ന തങ്ങള്‍ ഈ സിനിമ എങ്ങനെ സ്വീകരിക്കപ്പെടണമെന്ന് ആഗ്രഹിച്ചുവോ അതേ രീതിയിലാണ് സ്വീകരിക്കപ്പെട്ടിരിക്കുന്നതെന്നും സുപ്രിയ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയുടെ അഭിമുഖത്തിൽ പ്രതികരിച്ചു,

‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഞങ്ങള്‍ ആരംഭിക്കുന്നത് തന്നെ കഴിവുള്ള ചെറുപ്പക്കാരെയും പുതിയ വിഷയങ്ങളെയും സിനിമയില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ്. മറ്റ് പല സിനിമക്കാരും ഒരുപക്ഷെ ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങളെ ചിത്രീകരിക്കാനാണ്. ഇത് വരെ 3 സിനിമകള്‍ മാത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ആദ്യം ചെയ്ത ‘നയന്‍’ അത്രതന്നെ സ്വീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പുറത്തിറങ്ങിയ ‘ഡ്രൈവിങ്ങ് ലൈസന്‍സ് ‘ വ്യാവസായികപരമായും വലിയ വിജയമായി.

ഇപ്പോള്‍ പുറത്തിറങ്ങിയ ‘കുരുതി’യായാലും മറ്റ് പലരും ചെയ്യാന്‍ മടിക്കുന്ന വിഷയമാണ്. പൃഥ്വി കൊവിഡ് പോസിറ്റീവായി ഇരിക്കുന്ന സമയത്താണ്. കുരുതിയുടെ സ്‌ക്രിപ്റ്റ് വായിക്കുന്നത്. ഞങ്ങള്‍ ഏതെങ്കിലും രീതിയില്‍ ഞങ്ങളുടെ ചിന്തയോ ആശയമോ പ്രേക്ഷകരില്‍ അടിച്ചേല്‍പ്പിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം കാണുന്നവര്‍ക്ക് നല്‍കുകയാണ്. ഒരേ ദിശയില്‍ കഥ പറഞ്ഞു പോകുന്ന രീതിയല്ല സിനിമയിലുള്ളത്,’ സുപ്രിയ പറഞ്ഞു.

മലയാള സിനിമയിലെ ഒരു വനിതാ പ്രൊഡ്യൂസര്‍ എന്ന രീതിയില്‍ തനിക്ക് പിന്തുടരാന്‍ അധികം മാതൃകകളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രൊഡക്ഷന്‍ വിഭാഗം എന്നതിനപ്പുറം മലയാള സിനിമയും ഒരു പരിധി വരെ ഇപ്പോഴും ആണാധിപത്യത്തിന്റെ കീഴിലാണെന്നും സുപ്രിയ അഭിമുഖത്തില്‍ പറഞ്ഞു.

about kuruthi

Safana Safu :