പതിറ്റാണ്ടുകള്‍ താന്‍ ചവിട്ടി നിന്ന ആലപ്പുഴയിലെ മണ്ണിനോടുള്ള ആത്മബന്ധമാകാം കെസിയെ ഈ നന്മയ്ക്ക് പ്രേരിപ്പിച്ചത്; പ്രശംസിച്ച് ആലപ്പി അഷ്‌റഫ്

സിപിഎം അനുഭാവിയായ ആലപ്പുഴക്കാരന് കെ.സി. വേണുഗോപാല്‍ എംപി വീട് വെച്ചുനല്‍കിയ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. രാഷട്രീയത്തില്‍ മുങ്ങി താഴ്ന്ന കേരളത്തിന് ഇനി ഉചിതം ഇത്തരം മാതൃകകള്‍ തന്നെയാണെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

നന്മ ചെയ്യാന്‍ രാഷ്ട്രീയം ഒരു പ്രതിബന്ധമേ അല്ല. നന്മ പുലരണമെങ്കില്‍, നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് രാഷ്ട്രീയം നോക്കാതെ നാം പിന്‍തുണ നല്‍കുക തന്നെ വേണം. സിപിഎം അനുഭാവിയായ ആലപ്പുഴക്കാരന് കെ.സി വേണുഗോപാല്‍ എംപി വീട് വച്ചു നല്‍കിയ വാര്‍ത്തയാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ലഭിച്ചത് ഒരു സിപിഎംകാരന് നല്‍കിയതാവട്ടെ ഒരു കോണ്‍ഗ്രസ് നേതാവും.

ഇത് നന്മയല്ലങ്കില്‍ പിന്നെ മറ്റെന്താണ്. ഇത് മറിച്ചാണ് സംഭിച്ചതെങ്കിലും അത് നന്മ തന്നെയാണ്. അടിമുടി രാഷട്രീയത്തില്‍ മുങ്ങി താഴ്ന്ന കൊച്ചു കേരളത്തിന് ഇനി ഉചിതം ഇത്തരം മാതൃകകള്‍ തന്നെയാണ്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാഗം ആയിട്ടും, പതിറ്റാണ്ടുകള്‍ താന്‍ ചവിട്ടി നിന്ന ആലപ്പുഴയിലെ മണ്ണിനോടുള്ള ആത്മബന്ധമാകാം കെസിയെ ഈ നന്മയ്ക്ക് പ്രേരിപ്പിച്ചത്.

നന്മയുടെ ഈ യാത്രയെ രാഷ്ട്രീയത്തിന്റെ പേരില്‍ നമുക്ക് തടയാതിരിക്കാം. ആലപ്പുഴ പള്ളാത്തുരുത്തി വാര്‍ഡില്‍ രണ്ടു കാലും തളര്‍ന്ന സിപിഎംകാരനായ ഉത്തമന്‍ എന്നയാള്‍ക്ക് ഇന്ന് കിടക്കാനൊരിടം നല്‍കി, മഹത്തായ ഒരു മാതൃക കാട്ടി കെ.സി വേണുഗോപാല്‍ എംപി നന്മ, അത് വലത്ത് നിന്നും ഇടത്തേക്കും, ഇടത്ത് നിന്നും വലത്തേക്കും സഞ്ചരിക്കട്ടെ.നന്മയുടെ തിരി തെളിച്ച കെസിയ്ക്ക്.. ഒത്തിരി നന്ദി.

Noora T Noora T :