അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടിയും അവതാരകയുമായ സാധിക വേണുഗോപാൽ
മതം കൊല്ലുന്ന മനുഷ്യർ, അഫ്ഗാനിലെ നിസ്സഹായരായ മനുഷ്യർക്കൊപ്പം എന്ന ഹാഷ്ടാഗും എഴുതിയ പ്ലക്കാർഡ് ഷെയർ ചെയ്തുകൊണ്ടാണ് നടിയുടെ പ്രതികരണം. ഇതോടൊപ്പം നടി കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.
‘ചില കാഴ്ചകൾ ചിന്തകൾക്ക് അതീതമായി സഞ്ചരിക്കുന്നു ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള പലായനങ്ങളും അടിച്ചമർത്തലുകളും ചിന്തിന്തിക്കാൻ പോലും സാധിക്കുന്നില്ല.’
‘ഒരു ജനതയുടെ കരച്ചിൽ കേൾക്കാൻ ലോക സംഘടനകൾ പോലും ഇല്ലന്നുള്ള തിരിച്ചറിവ് നമുക്കൊക്കെ ഒരു പാഠം ആണ്. അഫ്ഗാനിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കുള്ള ദൂരം വിദൂരമല്ല’. നടി പങ്കുവെച്ച കുറിപ്പിന് താഴെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. അഫ്ഗാൻ ജനതയുടെ ചിത്രങ്ങൾ പങ്കുവെച്ച സാധികയോട് ഒരു ആരാധകൻ ചോദിച്ചത് മറ്റു ചിത്രങ്ങൾ പങ്കുവെക്കാൻ ഭയമാണോ എന്നാണ്.
ഇതിന് സാധിക നൽകിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘വട്ടുണ്ടോ? ഇതൊക്കെ എന്റെ സൗകര്യം അല്ലെ സഹോദര… വേറെ ഒരു പണിയും ഇല്ല്യേ? ചൊറിച്ചിൽ അല്ലാതെ?’ എന്നായിരുന്നു സാധികയുടെ മറുപടി. ‘അല്ല കമന്റ് ഇടാം പക്ഷേ ഇതുപോലത്തെ കമന്റ് ഇടരുത്… ഇത് ഒരുമാതിരി എൽകെജി പിള്ളേരോടൊക്കെ ചോദിക്കുന്നപോലെ… അയ്യേ മോശം… കുറച്ചു റേഞ്ച് മട്ടിപിടിക്കുന്നെ ഒന്നുല്ലേലും കുറച്ചു ഓണം കൂടുതൽ ഉണ്ടിട്ടുള്ള ആളല്ലേ? ഇന്നലെ വിരിഞ്ഞ കൂൺ അല്ലല്ലോ’ എന്നും സാധിക മറുപടിയായി കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഫ്ഗാൻ ജനതയ്ക്ക് പിന്തുണയുമായി മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഗായകരായ സിത്താര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് എന്നിവർ രംഗത്തെത്തിയിരുന്നു.