ജാതി മത ചിന്തകളും ബിസിനസ് ചിന്തയും രാഷ്ട്രീയത്തില്‍ വന്നതോടെ ആ രംഗം തീര്‍ത്തും വഷളായി; മുസ്‌ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്; മാമുക്കോയ ഇതൊക്കെ പണ്ടേ പറഞ്ഞുവച്ചത് !

മലയാള സിനിമയില്‍ കാലങ്ങൾക്ക് പോലും മായിക്കാൻ സാധിക്കാത്ത അഭിനേതാവാണ് മാമുക്കോയ. ഹാസ്യതാരമായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഗൗരവമുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

മലബാറിലെ സ്ലാങ്ങില്‍ അദ്ദേഹം പറഞ്ഞ ഡയലോഗുകള്‍ ഇന്നും എല്ലാവര്‍ക്കും ഓര്‍മയിലുണ്ട്. മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആദ്യ വ്യക്തി കൂടിയാണ് മാമുക്കോയ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കുരുതി എന്ന ചിത്രത്തിലെ മൂസ ഖാദര്‍ എന്ന കഥാപാത്രത്തിലൂടെ ഒരിക്കല്‍
കൂടി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ് അദ്ദേഹം. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രവും പ്രകടനവും മാമുക്കോയയുടേതാണെന്നാണ് വരുന്ന അഭിപ്രായങ്ങള്‍.

സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നിരവധി വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ മാമുക്കോയയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും തീവ്രവാദത്തെ കുറിച്ചും സംസാരിക്കുകയാണ് മാമുക്കോയ.

താന്‍ ഒരു കടുത്ത ദൈവ വിശ്വാസിയാണെന്നാണ് മാമുക്കോയ പറയുന്നത്. മതത്തിന്റെ പേരില്‍ താന്‍ ആരെയും മാറ്റി നിര്‍ത്താറില്ലെന്നും അദ്ദേഹം പറയുന്നു. ‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ആദര്‍ശങ്ങള്‍ ഇല്ലാതായി മാറി. വൃത്തികെട്ട പലതും നടക്കുന്ന ഇടമായി മാറി. വര്‍ഗീയ ചിന്താഗതിയാണ് ഈ നാടിനെ നശിപ്പിക്കാന്‍ പോകുന്നത്.

ജനാധിപത്യ, മതേതര രാജ്യത്തെ രാഷ്ട്രീയം പരിശുദ്ധമായിരിക്കണം. മറ്റ് രാജ്യങ്ങള്‍ക്കെല്ലാം മാതൃകയായിരിക്കണം. ജാതി മത ചിന്തകളും ബിസിനസ് ചിന്തയും രാഷ്ട്രീയത്തില്‍ വന്നതോടെ ആ രംഗം തീര്‍ത്തും വഷളായി. ഇങ്ങനെയുള്ള രാഷ്ട്രീയത്തോട് എനിക്ക് വെറുപ്പാണ്.

ഇന്ന് നാടു മുഴുവനും മുസ്‌ലിം മതവിഭാഗത്തെ തീവ്രവാദത്തിന്റെ നിരീക്ഷണ വലയത്തിലാക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് മുസ്‌ലിങ്ങള്‍. ഒരാളെ തീവ്രവാദിയെന്ന് മുദ്ര കുത്തുമ്പോള്‍ അയാള്‍ എങ്ങനെ അവിടെയെത്തിയെന്നു കൂടി അന്വേഷിക്കണം. ഒരു കുട്ടിയും ഇവിടെ തീവ്രവാദിയായി മാറരുത്,’ മാമുക്കോയ പറയുന്നു.

നേര്‍ക്കു നേരുള്ള വാദങ്ങള്‍ ഉണ്ടല്ലോ, അത് പോരേ ജീവിക്കാന്‍. ഒരു മതവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. തീവാവാദികളെ പിടിച്ച് ജയിലിലിട്ട് അവര്‍ക്കു ചെലവായ പണം എത്രയെന്ന് പറയുകയാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. തീവ്രവാദികള്‍ രാജ്യദ്രോഹികളാണ്. അവരെ തൂക്കിക്കൊല്ലുക തന്നെ ചെയ്യണമെന്നും മാമുക്കോയ പറയുന്നു.

കുരുതിയുടെ പശ്ചാത്തലത്തിലാണ് മാമുക്കോയയുടെ തീവ്രവാദത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ചയാകുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീതയതും ഹിന്ദു-മുസ്‌ലിം വിദ്വേഷവുമെല്ലാം റിലീസിന് തൊട്ടുപിന്നാലെ തന്നെ ചര്‍ച്ചയായിരുന്നു.
ചിത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സംഘപരിവാര്‍ അനുകൂലമാണെന്ന വിമര്‍ശനങ്ങളുമുയരുന്നുണ്ട്.

about mamukkoya

Safana Safu :