നടി ശരണ്യയ്ക്ക് ആദാരാഞ്ജലികളുമായി ടിനി ടോം. തിരുവനന്തപുരത്തെ സ്‌നേഹസീമ എന്ന ശരണ്യയുടെ വസതിയില്‍ എത്തിയാണ് നടന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഞെട്ടലോടെയാണ് ശരണ്യയുടെ മരണവാര്‍ത്ത അറിഞ്ഞതെന്നും വാര്‍ത്ത അറിഞ്ഞ ഉടന്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കുകയായിരുന്നുവെന്നും ടിനി പറയുന്നു.
ടിനി ടോമിന്റെ വാക്കുകളിലേക്ക്…
”വേദന ഇല്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി എന്ന് വിചാരിച്ച് നമുക്ക് സമാധാനിക്കാം. വേദന ഒരുപാട് സഹിച്ചാണ് അവള്‍ വിട പറഞ്ഞത്. സ്വന്തമായി ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ അവള്‍ക്ക് സാധിച്ചിരുന്നു. സീമ ജി. നായര്‍ ഇവിടെയുണ്ട്. ശരണ്യയ്ക്കു വേണ്ടി കഷ്ടപ്പെട്ടു, അവളുടെ ആയുസിനു വേണ്ടി പ്രാര്‍ത്ഥിച്ചു. ഒരു യാത്രയുടെ അവസാനമാണ് നാം ഇപ്പോള്‍ കാണുന്നത്.”
”സുന്ദരിയായി സന്തോഷത്തോടെ ജീവിച്ച ആ കുട്ടിയെ രോഗം കാര്‍ന്നെടുത്തു. ശരണ്യയെ അവസാനനോക്ക് ഒന്നു കാണണം എന്നുണ്ടായിരുന്നു. വീട് നിര്‍മ്മിച്ച വേളയില്‍ ഞാന്‍ വന്നപ്പോള്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടത് ഒരു ടിവിയായിരുന്നു. ഞാന്‍ മേടിച്ചു കൊടുത്ത ആ ടിവി ഇപ്പോഴും ഇവിടെയുണ്ട്. ഇനി അത് കാണാന്‍ ശരണ്യ ഇല്ല. അവളുടെ ചെറിയൊരു ആഗ്രഹം അന്ന് എനിക്ക് സാധിച്ചുകൊടുക്കാനായി” എന്ന് ടിനി ടോം പറയുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശരണ്യയുടെ അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായിരുന്നു. തുടര്‍ ചികില്‍സയ്ക്കു തയ്യാറെടുക്കുന്നതിനിടെ ശരണ്യയ്ക്കും അമ്മയും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു.